
ഡെറാഡൂൺ: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
വീടുകളും ഹോട്ടലുകളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. 50 ഓളം ഹോട്ടലുകൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം ഹിമാലയൻ മേഖലയിലുടനീളം പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
പ്രതികൂല കാലാവസ്ഥയും കാലവർഷക്കെടുതിയും കാരണം അമർനാഥ് യാത്ര ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉത്തരേന്ത്യയിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാൻ അധികൃതര്‍ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തരകാശി ജില്ലയിലെ ഹർസിൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ധരാലി ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കുതിച്ചുയരുന്ന വെള്ളം മേഖലയിലൊന്നാകെ നാശം വിതയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ വീടുകൾ ഒന്നടങ്കം ഒലിച്ചുപോയി. മേഘവിസ്ഫോടനം കാരണം ഖീർ ഗംഗാ നദി പെട്ടെന്ന് കരകവിഞ്ഞൊഴുകിയത് വൻ നാശനഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
വലിയ തോതിൽ ആളപായമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്. യാത്രകൾ ഒഴിവാക്കേണ്ട
പ്രധാന മേഖലകൾ ഉത്തരകാശി ധരാലി, ഹർസിൽ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മിന്നൽ പ്രളയം കാരണമുണ്ടായ നാശനഷ്ടങ്ങളും അവയുടെ അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ചാർ ധാം റൂട്ട് ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ മഴയെത്തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീർത്ഥാടകർ യാത്ര മാറ്റിവെയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു.
അമർനാഥ് യാത്രാ റൂട്ട് ജമ്മു കശ്മീർ ഭൂപ്രദേശങ്ങളിലെ കനത്ത മഴയെത്തുടർന്ന് തീർത്ഥാടന പാതകൾ ദുഷ്കരമാകുകയും കാലാവസ്ഥ പ്രതികൂലമാകുകയും ചെയ്തതോടെ ഈ വർഷത്തെ അമർനാഥ് യാത്ര വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. നൈനിറ്റാൾ, ചമ്പാവത്, ബാഗേശ്വർ, ഉധം സിംഗ് നഗർ, പൗരി, ഡെറാഡൂൺ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹിമാലയൻ നദികളിലെ ജലനിരപ്പ് ഉയരുന്നതോടെ കുളു, മാണ്ഡി, മറ്റ് മലയോര പട്ടണങ്ങൾ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലും മണ്ണിടിച്ചിൽ, മേഘവിസ്ഫോടന സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഹൽദ്വാനി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുകയാണ്.
ഉത്തരകാശിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും ദൗത്യസംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
എല്ലാ ജനങ്ങളോടും വിനോദസഞ്ചാരികളോടും നദികളിൽ നിന്ന്, പ്രത്യേകിച്ച് ഖീർ ഗംഗയിൽ നിന്ന് അകലം പാലിക്കാനും കുട്ടികളെയും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്നും ഉത്തരകാശി പൊലീസ് അഭ്യർത്ഥിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]