
ദില്ലി: കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ദില്ലിയിലെത്തി. ഇന്നും നാളെയുമായി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനസംഘടനപട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
ഉടന്‍ നടപടിയുണ്ടാകുമെന്നും നന്നായി പ്രവര്‍ത്തിച്ച നേതാക്കളുടെ സേവനം തുടര്‍ന്നും പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. ഡിസിസി പുനസംഘടന തന്നെയാണ് പ്രധാനം. തൃശൂര്‍ ഒഴികെ മറ്റ് ഡിസിസികളില്‍ മാറ്റം വന്നേക്കുമെന്ന് പറയുമ്പോഴും എറണാകുളം, കോഴിക്കോട് മലപ്പുറം ഡിസിസികളുടെ കാര്യത്തില്‍ ചര്‍ച്ച തുടരും.
സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പാനലില്‍ എംപിമാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരേയും കാണും.
കെപിസിസിയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തും, പുതിയ സെക്രട്ടറമാരെയും, നിര്‍വാഹക സമിതി അംഗങ്ങളേയും തീരുമാനിക്കും. നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
രാഷ്ട്രീയ കാര്യങ്ങൾ ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തും. പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണെന്നും നേതൃ സമ്പന്നമായ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരുകൾക്ക് ഒരു കുറവുമില്ല. നന്നായി പെർഫോം ചെയ്ത ഡിസിസി അധ്യക്ഷന്മാരുടെ സേവനം തുടർന്നും പാർട്ടിക്കുവേണ്ടി ഗുണപ്പെടുത്തും.
കെ പി സി സി പുനസംഘടനയിൽ അനാവശ്യ ചർച്ചകൾക്ക് ആവശ്യമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മാറ്റേണ്ടവരെ മാത്രമാണ് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എറണാകുളം ഡിസിസി പ്രസിഡൻ്റിനെ മാറ്റേണ്ടതില്ലെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു.
ഡിസിസിയുടേത് ചടുലമായ പ്രവർത്തനങ്ങളാണെന്നും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവരെ ഒഴിവാക്കേണ്ടതില്ലെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]