
വിശാഖപട്ടണം: വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളിൽ തീപിടുത്തം. കോച്ചുകൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവെ അന്വേഷണം തുടങ്ങി.
കോർബ – വിശാഖപട്ടണം എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 18517) തീപിടുത്തമുണ്ടായത്. ഛത്തീസ്ഡഗഡിലെ കോർബയിൽ നിന്ന് ഞായറാഴ്ച രാവിലെ 6.50ന് വിശാഖപട്ടണം സ്റ്റേഷനിൽ എത്തിയ എത്തിയ ട്രെയിൻ നാലാമത്തെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി കോച്ചിങ് ഡിപ്പോയിലേക്ക് മാറ്റിയ ശേഷം പിന്നീട് തിരുപ്പതിയിലേക്ക് പോകേണ്ടതായിരുന്നു ഈ ട്രെയിൻ. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ജീവനക്കാർ ട്രെയിൻ ലോക്ക് ചെയ്യുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
പിന്നീട് രാവിലെ 9.20ഓടെയാണ് റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥൻ ബി7 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ അധികൃതരെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. എന്നാൽ തീ കണ്ടെത്തിയ സമയത്തിനും മുമ്പ് എല്ലാവരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നതായി റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. ബി7 കോച്ചിൽ നിന്ന് വളരെ വേഗം തൊട്ടടുത്തുള്ള ബി6, എം1 കോച്ചുകളിലേക്ക് കൂടി തീ പടർന്നുപിടിച്ചു.
ആദ്യം തിപിടിച്ച കോച്ച് പൂർണമായും മറ്റ് രണ്ട് കോച്ചുകൾ ഭാഗികമായും കത്തിനശിച്ചു. നാല് ഫയർ എഞ്ചിൻ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിശാഖപട്ടണം പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. തീകെടുത്താനുള്ള ദൗത്യം ശ്രമകരമായിരുന്നെന്ന് പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ആന്ധാപ്രദേശ് ആഭ്യന്തര മന്ത്രി ഡിവിഷണൽ റെയിവെ മാനേജറുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]