
എഡിസൻ സമ്പാദിച്ചത് 10 കോടി, മൂവാറ്റുപുഴയിൽ നിർമിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്സ്; റിസോർട്ട് ഉടമകളായ ദമ്പതികൾക്കും പങ്ക്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖല നിർമിച്ച എഡിസൻ ബാബുവും കൂട്ടരും സമ്പാദിച്ച പണത്തിന്റെ വഴികൾ തേടി അടക്കമുള്ള ഏജൻസികൾ. എഡിസനിൽനിന്നു ലഹരിമരുന്ന് വാങ്ങിയ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ സ്ഥലങ്ങളിൽ എൻസിബി പരിശോധന നടത്തുന്നുണ്ട്. തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുൺ തോമസിനെയും കസ്റ്റഡിയിൽ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണ് എൻസിബി കരുതുന്നത്. ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് ഇരുവരും. ഇവർക്ക് പുറമെ കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് റിസോർട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയിൽ എടുക്കാനും എൻസിബി അപേക്ഷ നൽകിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തോളമായി എഡിസൻ ഡാർക്ക്നെറ്റിൽ സജീവമാണെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് ഡാർക്ക്നെറ്റിലൂടെ ലഹരി മരുന്ന് വിൽക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ലഹരി വിൽപനക്കാരനായി മാറുന്നതും. ബഹുരാഷ്ട്ര വാഹന നിർമാണ കമ്പനിയിലെ മെക്കാനിക്കൽ എൻജിനീയർ എന്ന നിലയിൽ ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാൾ യുഎസിലും എഡിസൻ ജോലി ചെയ്തിട്ടുണ്ട്. തിരികെ എത്തിയ ശേഷമാണ് ലഹരിയിലേക്കു കൂടുതൽ ആഴ്ന്നിറങ്ങിയത്. പെട്ടെന്ന് തന്നെ ‘കെറ്റാമെലോൺ’ എന്ന പേരിൽ എഡിസന് വിശ്വാസ്യതയേറി. ഡാർക്ക്നെറ്റിലെ ലഹരി വിൽപനക്കാർക്കിടയിൽ ‘ലെവൽ 4’ലെത്തുന്ന അപൂർവതയും എഡിസൻ സ്വന്തമാക്കി.
രണ്ടു വർഷത്തിനിടയിൽ ആറായിരത്തോളം ലഹരി ഇടപാടുകൾ എഡിസൻ നടത്തിയിട്ടുണ്ടെന്നാണ് എൻസിബി വെളിപ്പെടുത്തിയത്. തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറൻസി വഴിയായിരുന്നു എഡിസന്റെ ഇടപാടുകൾ. യുകെയിലെ ലഹരി സിൻഡിക്കറ്റിൽനിന്ന് എത്തുന്ന എൽഎസ്ഡിയും കെറ്റാമിനും പോസ്റ്റൽ വഴി സ്വീകരിച്ച് ആവശ്യക്കാർക്ക് പോസ്റ്റൽ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇതിൽ എഡിസനെ സഹായിച്ച സുഹൃത്താണ് അരുൺ തോമസ് എന്നാണ് വിവരം.
എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എൻസിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയിൽ ലഹരി വിൽപനയിലൂടെ എഡിസൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയും 35 ലക്ഷം രൂപ വിലവരുന്ന 847 എൽഎസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എൻസിബി പിടിച്ചെടുത്തിരുന്നു. അതിനു തലേന്ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്സലിൽ നിന്ന് 280 എൽഎസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയിൽ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എൻസിബി അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും. എഡിസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്.
എഡിസന്റെ കെറ്റാമെലോൺ സിൻഡിക്കറ്റുമായി ബന്ധമില്ലെങ്കിലും റിസോർട്ട് ഉടമകളായ ദമ്പതികളും ഇയാളും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. ഡിയോളും എഡിസനുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം. വിദേശത്തുനിന്നു കൊറ്റാമിൻ എത്തിച്ച് ഓസ്ട്രേലിയയിലേക്ക് ആവശ്യക്കാർക്ക് അയച്ചു കൊടുക്കുകയായിരുന്നു ഡിയോൾ ചെയ്തിരുന്നത്. 2023ൽ ഇത്തരത്തിൽ വന്ന കെറ്റാമിൻ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്ക് അന്വേഷകരെ ഇപ്പോള്‍ എത്തിച്ചത്.