
പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കഴിഞ്ഞ ദിവസം നടന്ന കർഷക സഭയിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചുവെന്നാരോപിച്ചായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. എൽഡി എഫിനുളളിലെ പ്രശ്നങ്ങളാണ് പ്രതിഷേധത്തിന് പിന്നില്ലെന്ന് യു ഡി എഫ് അംഗങ്ങൾ ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ ചേർന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിലായിരുന്നു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി അരങ്ങേറിയത്. യോഗം ആരംഭിച്ചപ്പോൾ തന്നെ തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കാണിച്ച് എൽഡിഎഫ് അംഗങ്ങൾ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത വിഷം പിന്നീട് സംസാരിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് തർക്കം ഉടലെടുത്തത്. ഇത് കയ്യാങ്കളി വരെ എത്തി.
കഴിഞ്ഞദിവസം ബ്ലോക്കിൽ നടന്ന കർഷക സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ഭരണസമിതിയോഗം ബഹളത്തിൽ മുങ്ങാൻ ഇടയാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്ന സമീപനമാണ് ബ്ലോക്ക് അധികൃതർ ഗ്രാമസഭയിൽ സ്വീകരിച്ചതെന്നായിരുന്നു ഇടതുപക്ഷ ജനപ്രതിനിധികളുടെ ആരോപണം. ഇക്കാര്യം ഭരണസമിതി യോഗം ചർച്ച ചെയ്യണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം.
ഇതിന് ഭരണപക്ഷം തയ്യാറാവാത്തതിനാൽ ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. പ്രോട്ടോകോൾ പാലിക്കാൻ ബ്ലോക്ക് ഭരണസമിതി തയ്യാറായില്ലെന്നാണ് ആരോപണം.ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരപരിപടികളുമായി മുന്നോട്ട് പോകുമെന്ന് കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മുൻഗണന കൊടുക്കുന്ന പ്രോട്ടോകോൾ ഇല്ലെന്നും അനവാശ്യമായാണ് എൽഡിഎഫ് ജനപ്രതിനിധികൾ ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠനും വൈസ് പ്രസിഡന്റ് കെഎ റഷീദും വ്യക്തമാക്കി. അജണ്ട ചർച്ച ചെയ്തതിന് ശേഷം ഈ വിഷയം പരിഗണിക്കാമെന്ന് അറിയിച്ചതാണെന്നു ഇവർ വ്യക്തമാക്കി.
Last Updated Jul 4, 2024, 6:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]