
പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാഷ് സ്കീം അവസാനിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 400 ദിവസത്തേക്ക് പ്രതിവർഷം 7.60% വരെ പലിശ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയായിരുന്നു അമൃത് കലാഷ്. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2023 ഏപ്രിൽ 12-നാണ് എസ്ബിഐ അമൃത് കലാഷ് ആരംഭിച്ചത്. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള പതിവ് എഫ്ഡി ഓഫറുമായി താരതമ്യപ്പെടുത്തുമ്പോൾ, അമൃത് കലാഷ് സ്കീമിൽ സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഏകദേശം 30 ബേസിസ് പോയിൻ്റുകൾ കൂടുതൽ പലിശ നേടാൻ സഹായിച്ചിരുന്നു.
അമൃത് കലാഷ് സ്കീം അവസാനിപ്പിച്ചെങ്കിലും എസ്ബിഐയുടെ മറ്റ് സ്പെഷ്യൽ സ്കീമുകളിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. അമൃത് വൃഷ്ടി, എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്, സർവോത്തം ഡൊമസ്റ്റിക് റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾ എന്നിങ്ങനെ ഒന്നിലധികം പ്രത്യേക സ്ഥിര നിക്ഷേപ പ്ലാനുകളും എസ്ബിഐയുടെ കീഴിലുണ്ട്.
എസ്ബിഐ ഏറ്റവും പുതുതായി ആരംഭിച്ചതാണ് അമൃത് വൃഷ്ടി സ്കീം. ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ് ഇത്. 444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് പ്രതിവർഷം 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള പലിശ 7.75% ആണ്. മറ്റൊരു പ്രത്യേകത, ഈ സ്കീമിൽ നിക്ഷേപകർക്ക് അവരുടെ എഫ്ഡിയിൽ നിന്ന് വായ്പയും ലഭിക്കും. പ്രവാസികളായ ഇന്ത്യക്കാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്.
എസ്ബിഐ അമൃത് വൃഷ്ടി സ്കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയർന്ന തുകയ്ക്ക് പരിധിയില്ല. അകാല പിൻവലിക്കലുകൾ നടത്തുകയാണെങ്കിൽ പിഴ നൽകേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴ.നൽകേണ്ടതായി വരും. 5 ലക്ഷം രൂപയ്ക്ക് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾ: 1% പിഴ.നല്കണം. കൂടാതെ ഏഴ് ദിവസത്തിന് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ നൽകില്ല. എന്നിരുന്നാലും, എസ്ബിഐ ജീവനക്കാരെയും പെൻഷൻകാരെയും പിഴകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ അവർക്ക് നിക്ഷേപത്തിൻ്റെ യഥാർത്ഥ കാലാവധിക്ക് ബാധകമായ പലിശ ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]