
മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോര്ട്ടിനെക്കുറുച്ചുള്ള ചർച്ച നടക്കും. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന് പികെ ബിജു, പിഎ മുഹമ്മദ് റിയാസ്, ആർ ബിന്ദു എന്നി മൂന്ന് അംഗങ്ങൾ പങ്കെടുക്കും. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് സംഘടന രേഖ നിർദ്ദേശിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയുള്ള കേസ് സംഘടനാ ചർച്ചയിൽ ആരെങ്കിലും ഉയർത്തുമോ എന്നതും കേരളത്തിലെ പാർട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. പുതിയ ജനറൽ സെക്രട്ടറിയെക്കുറിച്ചടക്കം ആലോചിക്കാൻ സിപിഎം പിബി യോഗം ഇന്ന് വൈകിട്ട് ചേർന്നേക്കും.
സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങള് പറയുന്നു. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരമാണിത്. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും. പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്. സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോർട്ടാണ് പുറത്ത് വന്നത്. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.
പുരുഷന്മാരുടെ പരിപാടികൾ ഉണ്ടെങ്കിൽ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ കുടുംബ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകൾക്കിടയിലെ പ്രവർത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാർട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വർഷം മുൻപുള്ള അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net