
കുട്ടികള്‍ക്ക് എല്ലാം സംശയമാണ്. ഇതെന്താണ്… അതെന്താണ്… സംസാരിച്ച് തുടങ്ങുന്ന പ്രായത്തില്‍ അവര്‍ ചോദിച്ച് തുടങ്ങുന്നു. നിഷ്കളങ്കതയോടെയുള്ള ആ ചോദ്യം കേട്ടാല്‍ ആരായാലും ഉത്തരം പറഞ്ഞ് പോകും. അതും ആദ്യമായി കാണുന്ന ഒന്നിനെ കുറിച്ചാണെങ്കില്‍ പ്രത്യേകിച്ചും. അത്തരം നിരവധി വീഡിയോകള്കുടെ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയക്കപ്പെട്ടു. വീഡിയോ കണ്ട മിക്ക സാമൂഹിക മാധ്യമ ഉപയോക്താക്കളും വീഡിയോയ്ക്ക് താഴെ കുറിച്ചത് ‘What is this’.
rileykayscott എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സറാണ് വീഡിയോ പങ്കുവച്ചത്. റിലേയും അമ്മയും തമ്മിലുള്ള നിരവധി വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ തന്റെ രണ്ടാമത്തെ മകളെ ആദ്യമായി തങ്ങളുടെ ചുറ്റുപാടുകള്‍ കാണിക്കുന്നതായിരുന്നു. വാഹനത്തില്‍ നിന്നും മണ്പാതയിലേക്കിറങ്ങിയ കുഞ്ഞ്. ചുറ്റും നോക്കി ചോദിച്ചു, ‘What is this’. ‘പ്രകൃതി’ എന്ന് അമ്മയുടെ മറുപടി ഉടനെത്തി. പിന്നങ്ങോട്ട് കുഞ്ഞിന് സംശയങ്ങളോട് സംശയങ്ങള്‍. എന്ത് കണ്ടാലും അവൾ ‘What is this’. ആവര്‍ത്തിച്ച് കൊണ്ടിരുന്നു. ഓരോ ചോദ്യത്തിനും അമ്മ മറുപടി പറഞ്ഞു കൊണ്ടിരുന്നു. അത് വെള്ളം, അത് മരം, അരുവി… ഒഴുകുന്ന വെള്ളം നോക്കി കുഞ്ഞ് ‘ബൈ ബൈ’ പറയുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് മണ്പാതയില് വെള്ളം കെട്ടിക്കിടക്കുന്നത് അവള് കാണുന്നു. ഉടനെ എത്തി ചോദ്യം, ‘What is this’. അത് ചെളിവെള്ളമാണെന്ന് അമ്മ. പിന്നൊന്നും നോക്കിയില്ല. രണ്ട് ചാട്ടം. പിന്നീടങ്ങോട് ആ മണ്പാതയിലെ ചെളിവെള്ളത്തില്‍ തുള്ളിക്കളിച്ച് കൊണ്ടായിരുന്നു അവളുടെ നടപ്പ്. ഒടുവില്‍ ചാടി ചാടി പോകുന്നത് പോലെ വേഗത്തില്‍ നടന്ന് കൊണ്ട് കുഞ്ഞ് ചെളിവെള്ളത്തിനോടും ബൈ ബൈ പറയുന്നു.
വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഒരു ഉപയോക്താവ് എഴുതിയത്, ‘ഡാറ്റ കലക്ഷന്‍’ എന്നായിരുന്നു. ‘ആ ഡാറ്റ മറ്റ് ഗ്രഹങ്ങൾക്ക് വിൽക്കാൻ പദ്ധതിയിടുന്നു’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ കുറിപ്പ്. മറ്റൊരു കാഴ്ചക്കാരന്,’തന്റെ എഐ ബോട്ടിന് കുഞ്ഞിന്റെ ‘What is this’ എന്ന ശബ്ദം ഉപയോഗിക്കുകയാണെന്ന് എഴുതി. നിരവധി കാഴ്ചക്കാര്‍ ആവര്‍ത്തിച്ചത് ‘What is this’. ഏറ്റവും മനോഹരമായ ‘What is this’ എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. ഈ വീഡിയോ തന്നെ സുഖപ്പെടുത്തുന്നു. മകളെ കൊണ്ട് കൂടുതല്‍ ‘What is this’ വീഡിയോകള്‍ പങ്കുവയ്ക്കൂവെന്നായിരുന്നു ഒരു കാഴ്ചക്കാരിയുടെ അഭ്യര്‍ത്ഥന. ‘അറിയാത്തതിൻ്റെയും കണ്ടെത്തലിൻ്റെയും സന്തോഷം’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.
Last Updated Apr 5, 2024, 7:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]