
ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് സൂപ്പർ പോരാട്ടം. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
ഐപിഎല്ലിൽ ഇന്ന് കണ്ണുകളെല്ലാം സിഎസ്കെ നായകന് മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഡൽഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ എട്ടാമനായി എത്തി വെടിക്കെട്ട് പുറത്തെടുത്ത എം എസ് ധോണി ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് ബാറ്റിംഗിൽ നേരത്തെ ഇറങ്ങാൻ ധോണി തയ്യാറാകുമോ എന്നതും ആകാംഷയാണ്. ആർസിബിയോടും ഗുജറാത്ത് ടൈറ്റന്‍സിനോടും ജയിച്ച് സീസണിൽ ഗംഭീര തുടക്കമാണ് ചെന്നൈ കുറിച്ചത്. എന്നാൽ മൂന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സിനോട് 20 റൺസിന് വീണു. ചെന്നൈയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച രച്ചിൻ രവീന്ദ്രയടക്കമുള്ള താരങ്ങൾ ഡൽഹിക്കെതിരെ ഫോം ഔട്ടായത് തിരിച്ചടിയായി. എന്നാൽ ഹൈദരാബാദിനെതിരെ വിജയിച്ച് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ചെന്നൈ.
ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്വാദും രച്ചിന്‍ രവീന്ദ്രയും മികച്ച തുടക്കം നൽകിയാൽ ഹൈദരാബാദിന് തിരിച്ചടിയാകും. ഡാരിൽ മിച്ചലും അജിങ്ക്യ രഹാനെയുമൊക്കെ ഫോം കണ്ടെത്തിയിട്ടുണ്ട്. ശിവം ദുബെയിലും സമീർ റിസ്വിയിലും ടീമിന് പ്രതീക്ഷകളേറെ. രവീന്ദ്ര ജഡേജയും എം എസ് ധോണിയും കൂടെ എത്തുന്ന ബാറ്റിംഗ് നിര ഹൈദരാബാദിന് വെല്ലുവിളിയാകും. മതീശാ പതിരാനയാണ് ബൗളിംഗിൽ ചെന്നൈയുടെ കരുത്ത്. അതേസമയം വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള മുസ്തഫിസുർ റഹ്മാൻ നാട്ടിലേക്ക് മടങ്ങിയത് ചെന്നൈക്ക് തിരിച്ചടിയാണ്.
ഹോം ഗ്രൗണ്ടിലെ അനുകൂല ബാറ്റിംഗ് പിച്ചിൽ ചെന്നൈ ബൗളർമാരെ അടിച്ചിടാം എന്ന കണക്കുകൂട്ടലിലാണ് ഹൈദരാബാദ്. കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ഹൈദരാബാദിന് ഈ സീസണില്‍ ജയിക്കാനായത്. ഗുജറാത്ത് ടൈറ്റന്‍സിനോടും കെകെആറിനോടും തോറ്റപ്പോൾ മുബൈ ഇന്ത്യന്‍സിനെതിരെ തകർപ്പൻ ജയം നേടി. മുംബൈക്കെതിരെ റൺമല കെട്ടിപൊക്കിയ ബാറ്റർമാർ ഫോം കണ്ടെത്തിയാൽ ചെന്നൈ ബൗളർമാർ വിയർക്കാനാണ് സാധ്യത. ട്രാവിസ് ഹെഡും എയ്ഡൻ മർക്രമും ഹെൻറിച്ച് ക്ലാസനും അടങ്ങുന്ന ബാറ്റിംഗ് നിര അപകടകാരികളാണ്. പാറ്റ് കമ്മിൻസിന്റെ നായക മികവും ഹൈദരാബാദിന് കരുത്തേകുന്നു. എന്നാൽ ബാറ്റിഗ് നിരയുടെ കരുത്ത് ബൗളിംഗിൽ ഹൈദരാബാദിനില്ല. പാറ്റ് കമ്മിൻസ് ബൗളിംഗ് യൂണിറ്റിൽ മാറ്റങ്ങൾ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
കണക്കിലെ കളിയിൽ ചെന്നൈക്കാണ് മുൻതൂക്കം. ഇരു ടീമുകളും ഐപിഎല്ലിൽ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ സിഎസ്കെ 14 കളിയിൽ ജയിച്ചപ്പോൾ ഹൈദരാബാദിന് ജയിക്കാനായത് 5 തവണ മാത്രം.
Last Updated Apr 5, 2024, 9:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]