
വിശാഖപട്ടണം: ഐപിഎല്‍ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനെതിരെ വെളിപ്പെടുത്തലുമായി തമിഴ്നാട് താരം എൻ ജഗദീശൻ. മുമ്പൊരിക്കല്‍ സ്പിന്നർ വരുൺ ചക്രവർത്തിയുടെ ടീഷർട്ടിന്റെ കൈകൾ കത്രിക കൊണ്ട് ചന്ദ്രകാന്ത് വെട്ടിക്കളഞ്ഞെന്നാണ് ജഗദീശൻ വെളിപ്പെടുത്തിയത്. കെകെആറില്‍ മുമ്പ് കളിച്ചിട്ടുള്ള താരമാണ് എന്‍ ജഗദീശൻ.
‘കൈ ഇല്ലാത്ത ടീഷർട് ധരിക്കാൻ കോച്ച് എല്ലാവരോടും ആവശ്യപ്പെട്ട ദിവസം വരുൺ ചക്രവർത്തി നിർദേശം മറന്നു.
ക്ഷുഭിതനായ കോച്ച് എല്ലാവരുടെയും മുന്നിൽ വച്ചു വരുണിന്റെ ടീഷർട്ടിന്റെ കൈകൾ വെട്ടിക്കളയുകയായിരുന്നു’ എന്നാണ് തമിഴ് ചാനലിൽ ഐപിഎൽ കമൻ്ററിക്കിടെ എന്‍ ജഗദീശന്റെ വെളിപ്പെടുത്തൽ. ചന്ദ്രകാന്ത് പണ്ഡിറ്റ് കളിക്കാരോട് ക്രൂരമായി പെരുമാറുകയും മാനസികമായി സമ്മർദത്തിൽ ആക്കുകയും ചെയ്യുന്നതായി നേരത്തെയും പരാതി ഉയർന്നിരുന്നു. ചന്ദ്രകാന്ത് പണ്ഡിറ്റ് അനാവശ്യ കാർക്കശ്യക്കാരനാണ് എന്ന് ഇംഗ്ലീഷ് താരം ഡേവിഡ് വീസ് മുമ്പ് പറഞ്ഞിരുന്നു. പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കടുംപിടുത്തം അംഗീകരിക്കാൻ പല വിദേശ താരങ്ങള്‍ക്കും ബുദ്ധിമുട്ടാണ് എന്നാണ് വീസ് തുറന്നുപറഞ്ഞത്.
അതേസമയം ഐപിഎല്‍ 2024 സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ 106 റണ്‍സിന് തോല്പിച്ചതോടെയാണ് കെകെആർ തലപ്പത്തെത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആർ നിശ്ചിത 20 ഓവറില്‍ 272-7 എന്ന പടുകൂറ്റന്‍ സ്കോറിലെത്തി. ഡല്‍ഹിയുടെ മറുപടി 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. സുനില്‍ നരെയ്ന് (39 പന്തില്‍ 85), അരങ്ങേറ്റക്കാരന്‍ അന്‍ഗ്രിഷ് രഘുവന്‍ഷി (27 പന്തില്‍ 57), ആന്ദ്രേ റസല്‍ (19 പന്തില്‍ 41), റിങ്കു സിംഗ് (8 പന്തില്‍ 26) എന്നിവർ ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങി. കെകെആറിനായി ബൗളിംഗില്‍ മൂന്ന് വീതം വിക്കറ്റുമായി വൈഭവ് അറോറയും വരുണ്‍ ചക്രവർത്തിയും രണ്ട് പേരെ പുറത്താക്കി മിച്ചല്‍ സ്റ്റാർക്കും മികവ് കാട്ടി.
Last Updated Apr 4, 2024, 6:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]