
.news-body p a {width: auto;float: none;}
ഹിന്ദി ദേശീയ ഭാഷയായി മുദ്രകുത്താനുള്ള ശ്രമങ്ങൾ പല കോണുകളിലായി ഉയരുന്നതും അവ ദക്ഷിണേന്ത്യക്കാർ എതിർക്കുന്നതും അടുത്തിടെ ഏറെ ചർച്ചയായ കാര്യമാണ്. വിദ്യാഭ്യാസം, തൊഴിൽ, സിനിമ തുടങ്ങി എല്ലാ മേഖലകളിലും ദക്ഷിണേന്ത്യ-വടക്കേ ഇന്ത്യ വേർതിരിവുണ്ട്. ഈ വിഭജനം ഇന്ത്യയിൽ ആദ്യമായി നടക്കുന്ന രാഷ്ട്രീയ പ്രതിഭാസമല്ല.
കേന്ദ്ര സർക്കാരിന്റെയും വടക്കേ ഇന്ത്യൻ താത്പര്യങ്ങളെയും ചെറുക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1957ലും 1967ലും അധികാരത്തിൽ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർത്തിരുന്നു. 1956നും 1982നും ഇടയിൽ ആറുതവണയാണ് കേരളത്തിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയത്. അയൽ സംസ്ഥാനമായ തമിഴ്നാടും കാലങ്ങളായി എതിർചേരിയിലുണ്ട്. 1960ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് ഈ വിഭജനങ്ങളുടെ മൂലകാരണങ്ങളിലൊന്ന്. പിന്നീട് കർണാടകയും ആന്ധ്രപ്രദേശും പ്രക്ഷോഭങ്ങളുടെ ഭാഗമാവുകയായിരുന്നു.
കേന്ദ്രഭരണം ബിജെപി പിടിച്ചെടുത്തതിനുശേഷം തെക്ക്-വടക്ക് ഭിന്നതകൾ വർദ്ധിക്കുകയാണുണ്ടായത്. ഫെഡറൽ ഫണ്ടുകളിൽ നിന്നും പദ്ധതികളിൽ നിന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കയ്യൊഴിയുന്നു, സംസ്ഥാനങ്ങളുമായി കൊമ്പുകോർക്കുന്ന ഗവർണർമാർ, ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള ശ്രമം, കടൽ ഖനന വിവാദങ്ങൾ, 2026ലെ സെൻസസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തുടങ്ങിയവയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തുന്ന പ്രധാന പരാതികൾ.
കിട്ടാക്കനിയാവുന്ന കേന്ദ്രഫണ്ടുകൾ
കേന്ദ്ര ഫണ്ടുകളും പദ്ധതികളും തങ്ങൾക്കന്യമാവുന്നു എന്നാണ് ഇടത് ഭരണത്തിലുള്ള കേരളവും, ഡിഎംകെ ഭരണത്തിലുള്ള തമിഴ്നാടും, കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയും തെലങ്കാനയും പ്രധാനമായും ഉന്നയിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ട കാര്യങ്ങൾ നിഷേധിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണഘടനാ വിരുദ്ധമായ മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ ആരോപിച്ചിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതത്തിലും കേന്ദ്ര വികസന പദ്ധതികളിലും അസമത്വം രൂക്ഷമാണ്. പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് രണ്ടാനമ്മ നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു.
2023-24 വർഷത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള നികുതി വരുമാനത്തിൽ (11.9 ശതമാനം) ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായി കർണാടക ഉയർന്നുവന്നിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതം കുറഞ്ഞുവരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തന്റെ സംസ്ഥാനത്തിന്റെ നികുതി വിഹിതം 4.71 ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറഞ്ഞുവെന്നും 68,775 കോടി രൂപയാണ് നഷ്ടമുണ്ടായതെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
സംസ്ഥാനവും ഗവർണറും തമ്മിലെ പോര്
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളവും തമ്മിലെ കൊമ്പുകോർക്കലും തമിഴ്നാടും ഗവർണർ ആർ എൻ രവിയും തമ്മിലെ ശീതസമരവും ദേശീയ തലത്തിൽവരെ ശ്രദ്ധനേടിയിരുന്നു. പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഗവർണർമാർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബിജെപിയുടെ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ഗവർണർമാർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേന്ദ്രത്തിന് ഹിന്ദിയോടുള്ള പ്രണയം
ഹിന്ദി ദേശീയ ഭാഷയായി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിക്കുന്നത്. തമിഴ്നാട് സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 നിരസിക്കാനുള്ള പ്രധാന കാരണം ഇതാണ്.
കടൽ പ്രക്ഷോഭങ്ങൾ
കേന്ദ്ര സർക്കാരിന്റെ ആഴക്കടൽ പ്രവർത്തനങ്ങൾക്കെതിരെ തമിഴ്നാടും കേരളവും ശക്തമായി പ്രതിഷേധിച്ചിരുന്നു. 2023ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ പ്രകാരം, കേരളത്തിന്റെ തീരദേശ ജലത്തിന്റെ നിയന്ത്രണം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പക്കലാണ്. മതിയായ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾ നടത്താതെ സ്വകാര്യ കമ്പനികൾക്ക് കടൽത്തീര ഖനനം തുറന്നുകൊടുക്കുകയാണെന്നാണ് സംസ്ഥാനം ആരോപിക്കുന്നത്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളും ലത്തീൻ സഭയും തദ്ദേശീയ ജനങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഡീലിമിറ്റേഷൻ പദ്ധതി (ജനസംഖ്യ അടിസ്ഥാനത്തിലെ സീറ്റ് വേർതിരിവ്)
2026ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനനിർണയ പ്രക്രിയ ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിന് മറ്റൊരു കാരണം. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾക്ക് ജനസംഖ്യ കൂടുതലായതിനാൽ കൂടുതൽ എംപിമാരുണ്ടാകുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് എംപിമാരുടെ എണ്ണം കുറയുകയും ചെയ്യും. ‘വടക്ക്-തെക്ക്’ വിഭജനം വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ ഒറ്റക്കെട്ടായി പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.