
പുതുവർഷം ആരംഭിച്ചതോടെ ആഗോളവിപണിയിൽ സ്വർണവില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഒരു ദിവസം സ്വർണവിലയിൽ ചെറിയൊരു ഇടിവുണ്ടായാൽ പോലും തൊട്ടടുത്ത ദിവസം ഇരട്ടി വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും ലോകബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർദ്ധിക്കാനുളള പ്രധാന കാരണങ്ങൾ. 2025ൽ ഇനിയും സ്വർണവില ഉയരുമെന്ന് ലോകബാങ്കുകളും വിദഗ്ദരും പ്രവചിച്ചതോടെ 24 കാരറ്റ് സ്വർണത്തിന്റെ വില 87,000ന് മുകളിലായി. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും പ്രാദേശികമായി സ്വർണത്തിന് ആവശ്യക്കാരേറിയതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്.
പ്രധാന കാരണം
കഴിഞ്ഞ 18 മാസത്തിനിടയിൽ സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചിട്ടുളളത്. ഈ സുചനകൾ പണപ്പെരുപ്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വർഷത്തിന്റെ അവസാന പകുതി വരെ ഫെഡറൽ റിസർവ് പലിശനിരക്കുകൾ നിലനിർത്തുമെന്ന വിശ്വാസവും ഉണ്ട്. പണ്ടുമുതൽക്കേ സാമ്പത്തിക അനിശ്ചിതത്വം ഉണ്ടാകുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപകർ കണക്കാക്കിയിരുന്നത്. എന്നാൽ പലിശനിരക്കിലുണ്ടായ വർദ്ധനവ് നിക്ഷേപകരുടെ ഈ ധാരണയെ മാറ്റുകയും ചെയ്തു. നിക്ഷേപക കമ്പനിയായ ഗോൾഡ്മാൻ സാച്ച്സിന്റെ നിരീക്ഷണമനുസരിച്ച് 2022ൽ യുക്രെയ്നിലേക്കുളള റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ റഷ്യൻ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരത്തെ മരവിപ്പിച്ചിരുന്നു. ഇത് സ്വർണവില ഉയരാൻ കാരണമായി.
കൂടാതെ സ്വർണവിലയിലുണ്ടായ വർദ്ധനവ് ഇന്ത്യയിലെ വിവാഹ സീസണുകളെയും ബാധിച്ചിട്ടുണ്ട്. ചൈനയിലെ ഡീലർമാർ സ്വർണം വാങ്ങുന്നവർക്ക് കൂടുതൽ കിഴിവുകളും നൽകുന്നുണ്ട്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾ, കേന്ദ്ര ബാങ്കുകളിൽ നിന്നുളള വർദ്ധിച്ച ആവശ്യകത. പണപ്പെരുപ്പം എന്നിവയാണ് സ്വർണവില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. ട്രംപിന്റെ തീരുമാനങ്ങൾ ഇപ്പോൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്.
‘ട്രംപിന്റെ താരിഫ് ഭീഷണികൾ സാമ്പത്തിക അനിശ്ചിതത്വത്തിന് ആക്കം കൂട്ടി. ഇതോടെ സ്വർണം സുരക്ഷിത നികേഷപമെന്ന രീതിയിൽ വാങ്ങിക്കൂട്ടാൻ ആരംഭിച്ചു. ഇത്രയും അനിശ്ചിതത്വങ്ങൾ ഉണ്ടായതോടെ നിക്ഷേപകരടക്കം സ്വർണത്തെ കരുതൽ ശേഖരമാക്കി വാങ്ങാൻ ആരംഭിച്ചു’-കർമ ജുവലറിയുടെ എംഡി കോളിൻ ഷാ ഒരു സാമ്പത്തിക മാദ്ധ്യമത്തോട് പറഞ്ഞു. യുഎസിന് മേൽ ചൈന തീരുവ ചുമത്തിയതിനെ തുടർന്ന് ആഗോള വ്യാപാര യുദ്ധങ്ങൾ അശങ്കയാകുന്നുണ്ട്. ചൈനയുടെ കേന്ദ്ര ബാങ്ക് രണ്ടാം മാസവും തുടർച്ചയായി സ്വർണശേഖരം വർദ്ധിപ്പിച്ചതും വില ഉയരാൻ കാരണമായിട്ടുണ്ട്.
വിലയിലെ മാറ്റം
2011 ഓഗസ്റ്റോടെയാണ് സ്വർണവിലയിൽ പ്രകടമായ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. അന്ന് പത്ത് ഗ്രാം സ്വർണത്തിന്റെ വില 25,000 കടന്നിരുന്നു. എന്നാൽ 2020 ജുലായ് ആയപ്പോഴേയ്ക്കും പത്ത് ഗ്രാം സ്വർണത്തിന് വില 50,000 കടന്നു. അതായത് 108 മാസം കൊണ്ട് പത്ത് ഗ്രാം സ്വർണത്തിന് 25,000 രൂപയുടെ വർദ്ധനവ് സംഭവിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വർണവില 75,000ൽ എത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 8,430 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിൽ എത്തുന്നത് വിദുരമല്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പലപ്രതിസന്ധികളിലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ലോകരാജ്യങ്ങൾ കാണുന്നത്. ഉദാഹരണത്തിന് 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങൾ, 2008ലെ സാമ്പത്തിക പ്രതിസന്ധികൾ, 2020ലെ കൊവിഡ് ദുരന്തം എന്നിവയിൽ സ്വർണ നിക്ഷേപം രാജ്യങ്ങളെ സാമ്പത്തികപരമായി സഹായിച്ചിരുന്നു.
വിദഗ്ദർ പറയുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള സ്ഥിരമായ ഉയർന്ന ഡിമാൻഡ് സ്വർണ വില ഒമ്പത് ശതമാനം വരെ ഉയർത്തുമെന്ന് ഗോൾഡ്മാൻ സാച്ചിലെ വിശകലന വിദഗ്ദ്ധ ലിന തോമസ് പറഞ്ഞു. ഈ വർഷം ഫെഡറൽ റിസർവ് പലിശ നിരക്കുകൾ രണ്ടുതവണ കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദർ പ്രതീക്ഷിക്കുന്നു, ഇത് ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശയില്ലാത്ത ആസ്തികൾ കൂടുതൽ ആകർഷകമായി കാണാൻ തുടങ്ങുന്നതിനാൽ സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകും. ഗോൾഡ്മാൻ സാച്ച്സ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നതിലും കുറഞ്ഞ നിരക്കിൽ യുഎസ് പലിശനിരക്ക് ഫെഡറൽ റിസർവ് കുറച്ചാൽ സ്വർണ വില പുതിയ പ്രവചനത്തേക്കാൾ കുറവായിരിക്കാം.