
പാലക്കാട്: ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (53), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. കൃത്യം നടത്താനായി കൃഷ്ണകുമാർ ഉപയോഗിച്ചത് അനധികൃത നാടൻതോക്കാണെന്ന് കണ്ടെത്തി. നീളം കൂടിയ ട്വൽവ് ബോർ തോക്കിന്റെ മാതൃകയിൽ അനധികൃതമായി നിർമിച്ച തോക്കാണെന്ന് ജില്ലാ ആർമർ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയുധ നിയമപ്രകാരം മംഗലംഡാം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഭാര്യയിലുള്ള സംശയത്തിലാണ് കൊലപാതമെന്നാണ് പൊലീസ് നിഗമനം. കൃഷ്ണകുമാറിന്റെ ഭാര്യയും രണ്ട് പെൺമക്കളും കോയമ്പത്തൂർ പുതൂരിലാണ് താമസിച്ചിരുന്നത്. കൃഷ്ണകുമാർ പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പിലെ കുടുംബവീട്ടിലും കോയമ്പത്തൂരിലുമായി മാറി മാറി താമസിച്ച് വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ വണ്ടാഴിയിലെ വീട്ടിൽ നിന്നും കോയമ്പത്തൂരിലെത്തിയ കൃഷ്ണകുമാർ ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം കാറിൽ രാവിലെ ഒൻപത് മണിയോടെ പാലക്കാട്ട് തിരിച്ചെത്തിയ ക്യഷ്ണകുമാർ വീടിന്റെ ഗേറ്റിന് സമീപത്തുവച്ച് അതേ തോക്കുകൊണ്ട് നെഞ്ചിൽ സ്വയം വെടിയുതിർക്കുകയായിരുന്നു. ആ സമയം കൃഷ്ണകുമാറിന്റെ അച്ഛൻ സുന്ദരനും അമ്മ സരോജിനിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവമറിഞ്ഞത്. അവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് താൻ ഭാര്യയെ കൊന്നെന്നും മരിക്കാൻ പോവുകയാണെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ കോവിൽ പാളയം ഇന്ത്യൻ പബ്ലിക് സ്കൂളിലെ ജീവനക്കാരിയായിരുന്നു സംഗീത. ദീർഘനാൾ വിദേശത്തായിരുന്ന കൃഷ്ണകുമാർ കൊവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തി വീട്ടിലെ കൃഷി നോക്കി നടത്തുകയായിരുന്നു. അച്ഛന് സുഖമില്ലാത്തതിനാലാണ് കൃഷ്ണകുമാർ പാലക്കാട്ടെ വീട്ടിൽ താമസിച്ചിരുന്നത്. സംഗീതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് കൃഷ്ണകുമാർ അവരുമായി നിരന്തരം വഴക്കിട്ടിരുന്നു.