
ബംഗളൂരു: 12 കോടി രൂപ വിലമതിക്കുന്ന സ്വർണം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു പിടിയിൽ. ഡയറക്ടറേറ്റ് ഒഫ് ഇന്റലിജെൻസ് ഉദ്യോഗസ്ഥരാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 14.8 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. രന്യ കുറച്ച് സ്വർണം അണിഞ്ഞും ബാക്കി സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.
ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് നടി എത്തിയത്. അടുത്തിടെ നടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനാൽ കുറച്ചുനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ രന്യ നാല് തവണ ദുബായ് സന്ദർശിച്ചതായും കണ്ടെത്തി. നടിയുടെ വീട്ടിൽ നിന്നും 15 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റംസ് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നടി തന്റെ ബന്ധങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വിമാനമിറങ്ങിയ നടി, കർണാടക ഡയറക്ടർ ജനറലിന്റെ മകളാണെന്നും സംരക്ഷണത്തിനായി പൊലീസ് വേണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്. നടിക്ക് മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലെ എച്ച്ബിആർ ലേഔട്ടിലുളള ഡിആർഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയിരുന്നു. കന്നട നടൻ സുദീപിന്റെ നായികയായി മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ ശ്രദ്ധേയമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]