
കൊല്ലം: ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് ഇസ്രായേലിൽ നിന്ന് മൂത്തമകൻ വിളിക്കുന്നതെന്നും നിബിന് പരിക്കേറ്റെന്ന് പറഞ്ഞതായും കൊല്ലപ്പെട്ട നിബിൻ്റെ അച്ഛൻ മാക്സ് വെൽ. നിബിൻ ആശുപത്രിയിലാണ്. നിബിന്റെ ഭാര്യയുടെ ബന്ധു ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് തായ്വാൻകാർ മരിച്ചെന്നും മലയാളികൾക്ക് പരിക്കേറ്റെന്നും പറഞ്ഞതായി മാക്സ് വെൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെയാണ് നിബിൻ മരിച്ചതായി ഇസ്രായേലിൽ നിന്ന് അറിയിപ്പ് വരുന്നത്.
നിബിന് പരിക്കേറ്റെന്ന് മാത്രമാണ് ആദ്യം പറഞ്ഞത്. നിബിൻ താമസിക്കുന്നത് കുറേ ദൂരെയായതിനാൽ ആശുപത്രികൾ കയറിയിറങ്ങി പരിശോധിക്കുകയായിരുന്നു അവർ. പിന്നീട് രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് വീണ്ടും വിളിയെത്തിയത്. നിബിൻ മരിച്ചെന്ന് പറഞ്ഞായിരുന്നു വിളിച്ചതെന്നും അച്ഛൻ പറഞ്ഞു. വ്യോമാക്രമണം ആരാണ് നടത്തിയെന്ന് പറഞ്ഞില്ല. ജോലി ചെയ്യുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. ഇസ്രായേലിലേക്ക് മക്കൾ പോയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും അച്ഛൻ പറഞ്ഞു.
മരിച്ച നിബിന് ഭാര്യയും അഞ്ചു വയസ്സുള്ള മകളുമുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും മാക്സ് വെൽ പറഞ്ഞു. മകൻ മസ്കറ്റിലും ദുബായിലുമൊക്കെയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടിൽ വന്നപ്പോഴാണ് ഇസ്രായേലിലേക്ക് പോയതെന്നും അച്ഛൻ പറഞ്ഞു. അതേസമയം, മകൻ്റെ മരണവുമായി ബന്ധപ്പെട്ട് എംബസ്സിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നും മാക്സ് വെല്‍ വ്യക്തമാക്കി. മകന്റെ മൃതദേഹം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മൂത്തമകനും ബന്ധുവും. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാക്സ് വെൽ കൂട്ടിച്ചേർത്തു.
വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്നലെയാണ് കൊല്ലം സ്വദേശിയായ നിബിൻ മാക്സവെൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലം വാടി സ്വദേശിയാണ് നിബിന്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്.
Last Updated Mar 5, 2024, 11:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]