
കോഴിക്കോട്: റോഡരികില്‍ മുളങ്കാടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിനശിച്ചു. കോഴിക്കോട് കൂടരഞ്ഞി-പുന്നക്കല്‍ റോഡില്‍ മഞ്ഞപ്പൊയില്‍ പാലത്തിന് സമീപമാണ് ഇന്ന് ഉച്ചക്ക് 2.15ഓടെ അപകടമുണ്ടായത്. മഞ്ഞപ്പൊയില്‍ പുഴയില്‍ കുളിക്കാനായെത്തിയ യുവാക്കളില്‍ ഒരാളുടെ ആക്ടീവ സ്കൂട്ടറാണ് പൂര്‍ണമായും കത്തിച്ചാമ്പലായത്. ഇതുവഴി പോയ യാത്രക്കാരാണ് സ്കൂട്ടറില്‍ തീ പടരുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ സമീപത്ത് താമസിക്കുന്നവരെ വിവരമറിയിച്ചു.
എന്നാൽ നിമിഷങ്ങള്‍ക്കകം തന്നെ സ്കൂട്ടറിൽ തീ ആളിപ്പടരുകയായിരുന്നു. യുവാക്കളുടെ മറ്റ് ബൈക്കുകളും ഇതിനടുത്തായി ഉണ്ടായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് അതെല്ലാം ഉടന്‍ തന്നെ അവിടെ നിന്ന് മാറ്റി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ മുക്കം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തീ പൂര്‍ണമായും അണച്ചത്. പുഴയില്‍ കുളിക്കുകയായിരുന്ന യുവാക്കള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബഹളം കേട്ട് ഇവര്‍ ഇവിടെയെത്തുമ്പോഴേക്കും സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
പൊറ്റശ്ശേരി ചെറുകുന്നത്ത് ഇമ്പിച്ചിമോയിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടര്‍. സമീപത്തെ മുളങ്കാട്ടില്‍ അലക്ഷ്യമായി ഉപേക്ഷിച്ച സിഗററ്റ് കുറ്റിയില്‍ നിന്നും തീ പടര്‍ന്നതാവാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. മുക്കം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ എം. സുജിത്ത്, വൈ.പി ഷറഫുദ്ദീന്, വി.എം മിഥുന്, ടി.പി ഫാസില്‍ അലി, ചാക്കോ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് തീ അണച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]