
കല്പ്പറ്റ:പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. ക്യാമ്പസ് കവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിൻമാറാതെ പ്രതിഷേധം തുടർന്നവർ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞു. പിന്നാലെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറ് തുടർന്നതോടെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാൻ പൊലീസ് ഇടപെടൽ ഉണ്ടാകാത്തതും പ്രകോപനത്തിന് കാരണമായി. ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ എത്തിയാണ് കെ.എസ്.യു പ്രവർത്തകരെ ശാന്തരാക്കിയത്. എംഎസ്എഫ് നടത്തിയ സർവകലാശാല മാർച്ചിലും നേരിയ സംഘർഷമുണ്ടായി. അതേസമയം, പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ ഡോ എം കെ നാരായണനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ നാരായണനും പങ്കുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആരോപിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കൊക്കാല ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]