
മെല്‍ബണ്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ മുഖ്യ പരിശീലകന് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. കിരീട സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായ ഓസ്ട്രേലിയയക്ക് അവരുടെ നായകന്റെ അഭാവം വലിയ തിരിച്ചടിയാണ്. പരിക്കേറ്റ മറ്റൊരു പേസര്‍ ജോഷ് ഹേസില്‍വുഡും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സാദ്ധ്യതയില്ല.
‘പരിക്കേറ്റ കമ്മിന്‍സ് ഇതുവരെ പന്തെറിയാന്‍ തുടങ്ങിയിട്ടില്ല, അതുകൊണ്ട് തന്നെ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് അഴിച്ച് പണിയേണ്ടി വരും. മാത്രവുമല്ല അവന്റെ അഭാവത്തില്‍ ഞങ്ങള്‍ പുതിയൊരു നായകനെ കൂടി നിയമിക്കേണ്ട അവസ്ഥയില്‍ ആണ് ഇപ്പോഴുള്ളത്’ മക്ഡൊണാള്‍ഡ് പറഞ്ഞു. മുന്‍ നായകന് സ്റ്റീവന്‍ സ്മിത്തിനോടും ട്രാവിസ് ഹെഡിനോടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ പരിശീലകന് വ്യക്തമാക്കി.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കു പിന്നാലെയാണ് കമിന്‍സിന് കാലിനു പരുക്കേറ്റത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര കമിന്‍സ് കളിച്ചിരുന്നില്ല. നടുവിനു പരുക്കേറ്റ മിച്ചല്‍ മാര്‍ഷിനും ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നീ കിരീടങ്ങള്‍ രാജ്യത്തിന് നേടിക്കൊടുത്ത നായകനാണ് കമ്മിന്‍സ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി തിരിച്ചുപിടിച്ചതും താരത്തിന്റെ നായകത്വത്തിലാണ്. അതിനാല്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയും താരം ഓസീസിന്റെ ഷെല്ഫിലെത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]