ന്യൂഡൽഹി: ഒറ്റഘട്ടമായി നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേയ്ക്ക് അടുക്കവേ ഇതുവരെ രേഖപ്പെടുത്തിയത് 46.55 ശതമാനം പോളിംഗ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 70 നിയമസഭാ മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 1.56 കോടിയിലധികം വോട്ടർമാരാണ് സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്നത്. ആകെ 13,766 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
മുസ്തഫാബാദിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 56.12 ശതമാനമാണ് മേഖലയിലെ പോളിംഗ് നിരക്ക്. 54.29 ശതമാനവുമായി സീലാംപൂരാണ് തൊട്ടുപിന്നിലുള്ളത്. ഡൽഹി കന്റോൺമെന്റ് സീറ്റിൽ 45.90 ശതമാനം പോളിംഗും രേഖപ്പെടുത്തി.
699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും 70 പേരെ വീതം മത്സരത്തിനിറക്കിയപ്പോൾ ബിജെപി 68 പേരെയാണ് നിർത്തിയിരിക്കുന്നത്. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കുകയാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്മി പാർട്ടി. എതിരാളികളായ ബിജെപിയും കോൺഗ്രസും കടുത്ത പോരാട്ടവീര്യമാണ് കാഴ്ചവയ്ക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജസ്ഥാനിലെ ഫലോഡി സട്ടാ ബസാർ ആം ആദ്മിക്ക് മുൻതൂക്കം പ്രവചിക്കപ്പെടുന്നുണ്ട്. ആകെയുള്ള 70ൽ 37 മുതൽ 39 സീറ്റ് വരെ എഎപി നേടുമെന്നാണ് പ്രവചനം. ബിജെപി 31 മുതൽ 33 സീറ്റുകൾവരെ നേടിയേക്കാമെന്നും ആം ആദ്മി 51 ശതമാനത്തിലധികം വോട്ട് പിടിക്കുമെന്നുമാണ് സീ വോട്ടർ സർവേയിൽ പറയുന്നത്.