തിയേറ്ററിൽ വിജയക്കുതിപ്പ് നടത്തുകയാണ് ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജി.ആർ ഇന്ദുഗോപനാണ്. സിനിമയെ കുറിച്ചും, പശ്ചാത്തലമായ കൊല്ലം ജില്ലയുടെ പ്രത്യേകതകൾ സമന്വയിപ്പിച്ചും കെ.ആർ രനി മോഹൻ എഴുതിയ റിവ്യ ശ്രദ്ധേയമാവുകയാണ്.
”പരിക്കയും ഒരു പൊന്മാനും”
കൊല്ലം തീരദേശത്ത് ഇപ്പോഴും നിലനിൽക്കുന്ന ഒരാചാരമാണ് പരിക്ക. ഒരു കുടുംബത്തിൽ നടക്കുന്ന ഒരു വിവാഹത്തിന്റെ ചെലവിന്റെ ഒരു പങ്ക് കുടുംബക്കാരും, നാട്ടുകാരും, കൂട്ടുകാരും, കൂടി നൽകുന്ന ഏർപ്പാട്, വേണമെങ്കിൽ ഒരു പരസ്പര സഹായനിധി എന്ന് ഇതിനെ വിളിക്കാം.
മൃഷ്ട്ടാന ഭോജനം നൽകുന്ന പരിക്ക നാളിൽ, ആയിരമോ രണ്ടായിരമോ രൂപയുടെ കവർ വാങ്ങുന്നവർ, തിരികെ രണ്ടായിരമോ മൂവായിരമോ ആയി തന്നയാളുടെ വീട്ടിൽ എന്നെങ്കിലും നടക്കുന്ന പരിക്കക്ക് തിരികെ കൊടുക്കണം. പൊലിവ് എന്നും ഇതിനെ പണ്ട് കാലത്ത് വിളിച്ചിരുന്നു. എന്ത് പ്രശ്നമുണ്ടായാലും കൊല്ലക്കാർ അങ്ങോട്ടും ഇങ്ങോട്ടും പാലിച്ചു വരുന്ന ഒരു രീതിയാണിത്.
അതേപോലെ, മറ്റൊന്നാണ് മടിയിൽ ജെവല്ലറി. കല്യാണത്തിന് വേണ്ടുന്ന പൊന്ന് ഇവർ ഫ്രീയായി നൽകും, കിട്ടുന്ന സംഭവനയിൽ നിന്നും ഈ സ്വർണ്ണത്തിന്റെ വില തിരികെ കൊടുത്താൽ മതി. ഡീസന്റ് ആയി ചില പ്രസിദ്ധ സ്വർണ്ണ കടക്കാർ ഇത് ഇപ്പോഴും ചെയ്തു വരുന്നു.
ഇതെന്തുവാടാ പൊക്കത്തിൽ എന്ന് ചോദിക്കുമ്പോൾ നേരംകാട്ടും ക്ലോക്ക് ടവറാണേ എന്ന് സിനിമ പാട്ടിലൂടെ കേക്കുമ്പോൾ കൊല്ലത്തുകാർക്കെന്നെല്ല ലോകത്തിന്റെ ഏതു മൂലയിൽ ഇരിക്കുന്ന കൊല്ലക്കാർക്കും രോമാഞ്ചമാണ്.
ശക്തികുളങ്ങര കുരിശടിയും സഗാര മാതാവും, ലൈറ്റ് ഹൗസും, ഫയൽവാൻ ഹോട്ടലും, പൂട്ടിയ പാർവതി മില്ലും എന്നുവേണ്ട കൊല്ലം കാഴ്ചകൾ ഒന്നൊന്നായി ടൈറ്റിൽ സോങ്ങിലൂടെ ജസ്റ്റിൻ വർഗീസ് ഒരുക്കിയത് കേക്കുമ്പോൾ കൊല്ലം തീയേറ്ററുകൾ ഇളകി മറിയുകയാണ്.
കാഥികൻ വി സാംബശിവൻ കൊല്ലം സ്ലാങ് ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു പിശുക്കും കാട്ടിയിട്ടില്ല. അതേ പോലെ കൊല്ലത്ത് കേൾക്കുന്ന അല്ലിയോ, ദോണ്ടേ, ദാണ്ടേ, അളിയൻ, ലവൻ, ലിവൻ, കൊച്ചാട്ടൻ, അപ്പച്ചി തുടങ്ങിയ കൊല്ലം സ്ലാങ്ങും, കൊല്ലം പ്രദേശം പൂർണ്ണമായും ഒപ്പിയെടുത്ത പൊന്മാൻ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും കൊല്ലം വാളത്തുങ്ങൾ സ്വദേശി ഇന്ദു ഗോപനും, പ്രധാന റോളിൽ ബേസിൽ ജോസഫുമാണ്.
കൊല്ലത്തെകുറിച്ച് ആരെന്തു നല്ലതു പറഞ്ഞാലും ഞാൻ അത് രോമാഞ്ചത്തെയോടെയാണ് കേൾക്കുന്നത്.
ഒരു പൊന്മാൻ തുള്ളിചാടി തിയേറ്ററിൽ കളിക്കുന്നുണ്ട്, കൊല്ലക്കാർ കണ്ടിരിക്കേണ്ട ഒരു മനോഹര ബേസിൽ ചിത്രമാണ്. ജി ഡി ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന കൊല്ലം എഴുത്തിനെ ആസ്പദമാക്കിയാണ് ചിത്രം.
സംവിധാനം ചെയ്യാനായി അഭിനയത്തിൽ നിന്ന് ബ്രേക്കെടുക്കാൻ നിന്നിരുന്ന ബേസിലിനെ, അത് മാറ്റാൻ പ്രേരിപ്പിച്ചത്ര നല്ല തിരക്കഥയായിരുന്നു പൊന്മാൻ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗംഭീര പ്രകടമാണ് ബേസിലും, ആനന്ദ് മന്മദൻ, സജിൻ ഗോപുവും മത്സരിച്ച് നടത്തിയത്.
ലിജോമോൾ ജോസഫ് പതിവ് പോലെ നന്നായിട്ടുണ്ട്. കൊല്ലംകാരിയായ സന്ധ്യ, അച്ഛനെപോലെ, ഭർത്താവ് രാജേന്ദ്രനെ പോലെ, ആങ്ങള മുകേഷിനെ പോലെ, റിയലിസ്റ്റിക് പ്രകടനമാണ് കാഴ്ച വെച്ചത്.
കുടുംബമായി കൊല്ലക്കാർക്ക് കാണാം!”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]