
തിരുവനന്തപുരം: അറുപത് കിലോമീറ്ററിന് ഒരു ടോൾ എന്ന ദേശീയ പാത അതോറിട്ടിയുടെ മാനദണ്ഡം അടിസ്ഥാനമാക്കി കിഫ്ബി നിർമ്മിച്ച റോഡുകളിലും ടോൾ പിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടിയിൽ കൂടുതൽ രൂപ ചെലവഴിച്ച് നിർമ്മിച്ച ഏകദേശം 150 റോഡുകളുണ്ട്.
എൻ.എച്ച് 66ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെയുള്ള 645 കിലോമീറ്റർ വികസനം പൂർത്തിയാകുമ്പോൾ,10 ടോൾ പ്ലാസകൾ തുറക്കാനാണ് ദേശീയപാത അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം തിരുവല്ലത്ത് സ്ഥാപിച്ച ടോൾ പ്ലാസയ്ക്കു പുറമെയാണിത്. ഇതോടെ എവിടേക്ക് പോയാലും ടോൾ കൊടുക്കേണ്ട അവസ്ഥയിലാവും വാഹന ഉടമകൾ.എൻ.എച്ചുമായി ബന്ധപ്പെടുത്തി പ്രഖ്യാപിച്ച ഔട്ടർ റിംഗ് റോഡിനും ടോൾ ഉറപ്പാണ്.
50 കോടി രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വന്ന പാതകളിൽ ടോൾ ഈടാക്കണമെന്ന കിഫ്ബിയുടെ നിർദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ പങ്കെടുത്ത യോഗം അംഗീകാരം നൽകിയിരുന്നു.
ഈ നിർദേശം അതേപടി മന്ത്രിസഭയും അംഗീകരിച്ചാൽ നൂറ്റമ്പത് റോഡുകളിലും പണം കൊടുത്ത് സഞ്ചരിക്കേണ്ടി വരും. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ വാഹന നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം.
ഒരു യാത്രയിൽ പല ടോൾ, ചരക്കുകൾക്ക് വിലകൂടും
# കാറിന് നൂറു രൂപയ്ക്കു മുകളിലാണ് ദേശീയ പാതകളിലെ ടോൾ നിരക്ക്. ചരക്ക് ലോറികൾക്ക് 500 രൂപയിലേറെയാണ് ഒരുവട്ടം കടന്നുപോകാനുള്ള നിരക്ക്. യാത്രയിലുടനീളം ഇടവിട്ട് ടോൾ കൊടുക്കേണ്ടിവരുമ്പോൾ, പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കും. ടൂറിസ്റ്റ് ടാക്സികളുടെയും ബസുകളുടെയും നിരക്ക് കൂടുന്നത് വിനോദ സഞ്ചാരികളെയും ബാധിക്കും.
#ദേശീയപാത ഉപയോഗിക്കുന്ന ട്രാൻസ്പോർട്ട് ബസുകൾക്കും ടോൾ കൊടുക്കേണ്ടിവരും. കർണ്ണാടകയിൽ ടോൾ പാതകളിലൂടെ കടന്ന പോകുന്ന ട്രാൻസ്പോർട്ട് ബസുകളിൽ 20 രൂപ വരെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. എൻ.എച്ച് 66ൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ടോൾ പ്ലാസകൾ ഉണ്ടാവുക.
എൻ.എച്ച് 66ലെ ടോൾ പ്ലാസകൾ
കാസർകോട്……………………………… പുല്ലൂർ പെരിയ
കണ്ണൂർ………………………………………..കല്യാശ്ശേരി
കോഴിക്കോട്……………………………… മാമ്പുഴ
മലപ്പുറം…………………………………….. വെട്ടിച്ചിറ
തൃശ്ശൂർ………………………………………..നാട്ടിക
എറണാകുളം……………………………. കുമ്പളം
ആലപ്പുഴ…………………………………….കൊമ്മാടി
കൊല്ലം………………………………………. ഓച്ചിറ, കല്ലുവാതുക്കലിൽ ശ്രീരാമപുരം
തിരുവനന്തപുരം……………………… തിരുവല്ലം (രണ്ടാമത്തെ സ്ഥലം നിശ്ചയിച്ചിട്ടില്ല)
കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്നത് എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തു. വൻകിട പദ്ധതികളിലൂടെ കേരളത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തും.
ടി.പി രാമകൃഷ്ണൻ
എൽ.ഡി.എഫ്
കൺവീനർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]