ബംഗളൂരു: കർണ്ണാടകയിലെ ചിന്നരായപട്നയിൽ തയ്യൽക്കാരനായ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം തടവ്. ഭരത് ഗോപാല്‍ (34), അഭിഷേക് യോഗേഷ് ഏലിയാസ് (29), ചിരഞ്ജീവി ഗൗഡ (27), അഭിഷേക് നാഗരാജു (32), സോമശേഖര്‍ ചന്ദ്രഗൗഡ (33), കുമാര്‍ ഗൗഡ ഏലിയാസ് (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ചന്നരായപട്ണ അഡീഷണല്‍ ഡിസ്ട്രിക് കോടതിയാണ് വിധി പ്രസ്താവിച്ചത്. യുജി ഗംഗാധര്‍ എന്ന തയ്യൽ തൊഴിലാളിയെ 2022 ഒക്ടോബര്‍ 13നാണ് സംഘം കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഭരത് ഗോപാല്‍ തന്റെ വീട്ടിലറിയിക്കാതെ പോയ യാത്രയുടെ വിവരങ്ങൾ ഭാര്യയെ അറിയിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം നടന്നത്.
കേസിലെ പ്രധാന പ്രതിയായ ഭരത് ഗോപാലിന് ഗംഗാധറിനോടുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. 2022 സെപ്റ്റംബറില്‍ ഭരത് ഭാര്യയെ അറിയിക്കാതെ ദക്ഷിണ കന്നടയിലെ സുബ്രഹ്മണ്യ എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയിരുന്നു. യാത്രയുടെ ചിത്രങ്ങള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രദേശവാസിയായ ഗംഗാധര്‍ ഭരതിന്റെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇയാളുടെ ഭാര്യയെ അറിയിച്ചു. ഇതറിഞ്ഞ ഭരത് ഗോപാലിന് ഗംഗാധറിനോടുണ്ടായ പകയാണ് കൊലപാതകത്തിലെത്തിച്ചത്. ഗംഗാധറിനെ ഒരു പാഠം പഠിപ്പിക്കണം എന്നയാള്‍ തീരുമാനിക്കുകയായിരുന്നെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വസന്ത് കുമാര്‍ പറഞ്ഞു.
ഗംഗാധറിനെ പറഞ്ഞ് പറ്റിച്ച് കാറില്‍ കയറ്റി പ്രതിയായ ഭരത് ഗോപാലും സംഘവും ജാനിവാര ഗ്രമത്തിലെത്തിച്ചു. അവിടെ വെച്ച് ഗംഗാധറിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഗ്രമത്തിലുള്ള രണ്ടുപേര്‍ സംഭവസ്ഥലത്തെത്തി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കിലെത്തിയവർ ഗംഗാധറിനെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പൊലീസ് എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ജ്യാമ്യത്തിലിറങ്ങിയപ്പോള്‍ 37 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഗംഗാധറിന്റെ കുടുംബത്തെ അവരുടെ കൂടെ നിര്‍ത്തി. ഗംഗാധരന്റെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ കൂറുമാറി. ഇതോടെയാണ് ശിക്ഷ വെറും ആറുവർഷമായി കുറഞ്ഞത്.
എന്നാല്‍ പണം നല്‍കിയതില്‍ മതിയായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സ്വാധീനിച്ച പ്രതികളെ കോടതി താക്കീത് ചെയ്തു. പ്രതികള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഇത് നീതി-ന്യയ വ്യവസ്തയ്ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് ജഗദീഷ് വിമര്‍ശിച്ചു. ഒരാളുടെ ജീവനെടുത്തതിന് ശേഷം നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പണവും സ്വാധീനവും ഉപയോഗിച്ച് ശ്രമം നടത്തുമ്പോള്‍ നമ്മുടെ നീതി ന്യായ വ്യവസ്തയെ കുറിച്ച് എന്തു പറയാനാണ്? നീതി-ന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനുവദിച്ചു തരാന്‍ സാധിക്കില്ല. കോടതിയുടെയും പൊലീസിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതിലേക്കാണ് ഇത്തരം നടപടികള്‍ നയിക്കുക എന്ന് വിധിപ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.
Read More: പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപാതകം; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]