വാഷിംഗ്ടൺ: താരിഫ് പോരാട്ടത്തിൽ യു.എസും ചൈനയും നേർക്കുനേർ. ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉല്പന്നങ്ങൾക്കും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം അധിക താരിഫ് ഇന്നലെ നിലവിൽ വന്നതിനു പിന്നാലെ, യു.എസിൽ നിന്നുള്ള ക്രൂഡ് ഓയിലിന് അടക്കം ചൈന അധിക താരിഫ് പ്രഖ്യാപിച്ചു.തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
യു.എസ് കൽക്കരിക്കും എൽ.എൻ.ജിയ്ക്കും (ദ്രവീകൃത പ്രകൃതിവാതകം) 15 ശതമാനം താരിഫ് ചൈന ചുമത്തി.
ക്രൂഡ് ഓയിൽ,കാർഷിക യന്ത്രങ്ങൾ,പിക്-അപ് ട്രക്കുകൾ,ചില സ്പോർട്സ് കാറുകൾ എന്നിവയ്ക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തി. താരിഫ് ചുമത്തിയ ട്രക്കുകളുടെ പരിധിയിൽ ഇലോൺ മസ്കിന്റെ ടെസ്ല സൈബർ ട്രക്കും ഉൾപ്പെടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ചൈനയ്ക്കാണ് മുൻതൂക്കം. ഈ വ്യാപാര കമ്മിയും യു.എസിലേക്കുള്ള ഫെന്റാനിൽ ലഹരിയുടെ ഒഴുക്ക് തടയാത്തതുമാണ് താരിഫ് ചുമത്താനുള്ള കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ട്രംപും ചർച്ച നടത്തി രമ്യതയിലെത്താൻ ശ്രമിക്കുന്നുണ്ട്. ട്രംപ് താരിഫുമായി മുന്നോട്ടു പോയാൽ ലോക വ്യാപാര സംഘടനയെ സമീപിക്കും
കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫും ഇന്നലെ നിലവിൽ വരേണ്ടതായിരുന്നു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ,ട്രംപുമായി അവസാന മണിക്കൂറുകളിൽ നടത്തിയ ചർച്ചയിലൂടെ 30 ദിവസത്തേക്ക് മരവിപ്പിച്ചു. മെക്സിക്കോയ്ക്കും ഒരു മാസത്തെ സാവകാശം ലഭിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഇരുരാജ്യങ്ങളും ട്രംപിന് ഉറപ്പ് നൽകി. അടുത്ത ലക്ഷ്യം തങ്ങളാണെന്നിരിക്കെ യൂറോപ്യൻ യൂണിയൻ (ഇ.യു) ചർച്ചയ്ക്ക് ശ്രമം തുടങ്ങി.
അമേരിക്കൻ കമ്പനികൾക്ക്
എതിരെ ചൈനീസ് നടപടി
# ഗൂഗിളിനെതിരെ ചൈന കുത്തക-വിരുദ്ധ അന്വേഷണം നടത്തും . 2010 മുതൽ ഗൂഗിളിന്റെ സെർച്ച് സേവനങ്ങൾ ചൈനയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ഡെവലപ്പർമാരുമായുള്ള പങ്കാളിത്തത്തിലൂടെ ചൈനീസ് വിപണിയിലേക്ക് ആപ്പുകളും ഗെയിമുകളും നൽകുന്ന പശ്ചാത്തലത്തിലാണിത്.
# അമേരിക്കൻ കമ്പനികളായ പി.വി.എച്ച് കോർപറേഷൻ,ഇലുമിന എന്നിവയെ ഉപരോധ സാദ്ധ്യതാ പട്ടികയിലാക്കി
# ഇലക്ട്രേോണിക്സ്,സൈനിക ഉപകരണങ്ങൾ,സോളാർ പാനൽ തുടങ്ങിയവുടെ നിർമ്മാണത്തിന് വേണ്ട ടംഗ്സ്റ്റൺ പോലുള്ള 25 അപൂർവ ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]