ന്യൂഡൽഹി: ഹാട്രിക്ക് പ്രതീക്ഷിച്ച് ആം ആദ്മിയും, ഭരണം പിടിക്കാൻ ബിജെപിയും, പ്രതാപം തിരികെ നേടാൻ കോൺഗ്രസും ഉന്നമിടുന്ന ഡൽഹി വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.
വൻസുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 220 കമ്പനി കേന്ദ്രസേന, 35,626 ഡൽഹി പൊലീസ് സേനാംഗങ്ങൾ, 19,000 ഹോം ഗാർഡുകൾ എന്നിവയെ സുരക്ഷയ്ക്കായി നിയോഗിച്ചു.
ആറ് വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. സ്ത്രീകൾക്കു സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങൾ വേറെ. മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊഴിൽരഹിതരായ സ്ത്രീകൾക്കു പ്യാരി ദീദി യോജന വഴി 2,500 രൂപയാണു കോൺഗ്രസിന്റെ വാഗ്ദാനം. ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും. സർക്കാർ ജോലികളിൽ 33% സംവരണവും സ്ത്രീ സുരക്ഷയ്ക്കായി 181 ഹെൽപ് ലൈൻ നമ്പർ പുനഃസ്ഥാപിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു.