കൊച്ചി: ഗൾഫ് രാജ്യങ്ങളിലുള്ള ഡെസേർട്ട് സഫാരി മാതൃകയിൽ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ജല ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട്, പാതിരാമണൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ആവിഷ്കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം, സാംസ്കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും ജലഗതാഗത വകുപ്പ് വാങ്ങിയ അത്യാധുനിക ബോട്ടുകളുടെയും സിൽറ്റ് പുഷർ മെഷീന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉൾപ്പെടുന്ന ഡിസൈനാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേരും.
എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും എൻഎച്ച് 66 ദേശീയപാതയിലെ റോഡ് നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കിൽ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി – കൊച്ചി റൂട്ടിൽ ഉടൻ തന്നെ പ്രത്യേക ബോട്ട് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. യഥാക്രമം 100, 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് കറ്റാമറൈൻ ബോട്ടുകളും അഞ്ച് ഡിങ്കി ബോട്ടുകളുമാണ് ജലഗതാഗത വകുപ്പ് പുതുതായി വാങ്ങിയിട്ടുള്ളത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റേതാണ് തോടുകളിലേയും മറ്റും ചളി നീക്കം ചെയ്യുന്നതിനുള്ള സിൽറ്റ് പുഷർ മെഷീൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]