തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ടുമണി മുതൽ രാത്രി ഒൻപത് മണിവരെയാണ് സർവീസ്.
വേദികളിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുന്നത്. നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
‘മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മാത്രമല്ല അവരുടെ അദ്ധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്’, ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ. റോയ് ബി ജോൺ പറഞ്ഞു. കലോത്സവത്തിന്റെ സുഗമമയായ നടത്തിപ്പിന് കെഎസ്ആർടിസിയും ഗതാഗത വകുപ്പും നടത്തുന്ന പ്രവർത്തങ്ങൾ സ്വാഗതാർഹമാണെന്നും ഡോ. റോയ് ബി ജോൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എട്ടു വർഷത്തിനുശേഷമാണ് തിരുവനന്തപുരം വീണ്ടും കലോത്സവത്തിന് വേദിയാകുന്നത്. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 15,000 മത്സരാർത്ഥികൾ വിവിധ കലായിനങ്ങളിൽ മാറ്റുരയ്ക്കുന്നു. ജനുവരി എട്ടിനാണ് സമാപനം. വൈകിട്ട് അഞ്ചിന് കലോത്സവ സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടോവിനോ തോമസ് മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസമന്ത്രി അദ്ധ്യക്ഷത വഹിക്കും.