എത്രത്തോളം ആഡംബരത്തോടെ ജീവിക്കാൻ കഴിയുന്നോ അത്രത്തോളം ആഡംബരം കാണിക്കുന്നവരാണ് കോടീശ്വരന്മാർ എന്നാണ് പൊതുവെ കരുതുന്നത്. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം കൺനിറഞ്ഞ് കണ്ടതോടെ ഈ ധാരണ ശക്തിപ്പെടുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ നമ്മൾ വിചാരിച്ചപോലെയല്ലെന്നതാണ് സത്യം. ലോകത്തെ അറിയപ്പെടുന്ന കോടീശ്വരന്മാരിൽ ചിലർ വളരെ സാധാരണ ജീവിത ശൈലി പിന്തുടരുന്നവരാണ്. പഴയ വസ്ത്രങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്ന ഇവർ വാടക വീടുകളിലാണ് താമസിക്കുന്നത്. പിശുക്കുകൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. പിശുക്കല്ല മിതവ്യയം ജീവിതവ്രതമാക്കിയതുകൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നത്. അത്യാവശ്യമായതെല്ലാം അവരുടെ ജീവിതത്തിലുണ്ട്. എന്നാൽ അനാവശ്യമായത് ഒന്നുമുണ്ടാകില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ പണം അടിച്ചുപാെളിച്ചുകളയാൻ ഇല്ലെന്ന് വ്യക്തമാക്കി ജീവിക്കുന്ന ചില കോടീശ്വരന്മാരെ പരിചയപ്പെടാം.
ഷാങ് സാവേദ്ര
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ കോടികളുടെ ആസ്തിയുള്ള സംരംഭകയാണ് ചൈനക്കാരിയായ ഷാങ് സാവേദ്ര. ദി ഫോർച്യൂൺ റിപ്പോർട്ടനുസരിച്ച് ഷാങ് സാവേദ്രയും ഭർത്താവും മക്കളും കഴിയുന്നത് ലോസാഞ്ചലസിലെ വാടക വീട്ടിലാണ്. പതിനാറ് വർഷം പഴക്കമുള്ള കാറാണ് ഇവർ ഉപയോഗിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റുകളിൽ നിന്നാണ് ഇവർ സാധനങ്ങൾ വാങ്ങിക്കുന്നത്. സാവേന്ദ്രയുടെ അഞ്ചും രണ്ടും വയസുള്ള കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിക്കുന്നത് ഫേസ്ബുക്ക് മാർക്കറ്റ് പ്ലെയിസിൽ നിന്നാണ് . സാവേദ്രയുടെ കാൽഭാഗംപോലും ആസ്തിയില്ലാത്തവരുടെ മക്കൾ ഡിസ്നിലാൻഡിലേക്കും മറ്റും ഇടയ്ക്കിടെ യാത്രകൾ നടത്തുമ്പോൾ ഇവർ വൻ ചെലവുള്ള ഇത്തരം യാത്രകളെക്കുറിച്ച് ആലോചിക്കുന്നതുതന്നെ വല്ലപ്പോഴും മാത്രമാണ്. എന്നാൽ മക്കളുടെ വിദ്യാഭ്യാസത്തിന് ഇവർ പണം കാര്യമായി വിനിയോഗിക്കുന്നുണ്ട്. മികച്ച സ്വകാര്യ സ്കൂളിലാണ് മക്കൾ പഠിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് സാവേദ്ര കൂടുതൽ പണം നിക്ഷേപിക്കുന്നത്. ഇതിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഒട്ടും മോശമല്ലാത്ത തുക ചെലവാക്കുന്നുണ്ട്.
വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ചെറുപ്പകാലമായിരുന്നു സാവേദ്രയുടേത്. അന്ന് തണുപ്പകറ്റാൻ ഒരു ജാക്കറ്റ് വാങ്ങാൻ പോലും കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സാവേദ്ര ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് സംരംഭകയാകുംമുമ്പ് പല കോർപ്പറേറ്റ് കമ്പനികളും സാവേദ്ര ജോലിചെയ്തിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ടിരുന്നതിനാൽ ശമ്പളത്തിൽ മിച്ചംപിടിക്കുന്ന ശീലം അന്നുമുതലേ ഉണ്ടായിരുന്നു. ആ ലക്ഷ്യം പൂർണമായി വിജയിച്ചു എന്നതിന് തെളിവാണ് ഇപ്പോഴത്തെ തന്റെ വളർച്ചയെന്നാണ് സാവേദ്ര പറയുന്നത്.
ആനി കോൾ
ഒരുമില്യൺ ഡോളറിലധികം ആസ്തിയുളള പേഴ്സണൽ ഫിനാൻസ് വിദഗ്ദ്ധയാണ് അമേരിക്കക്കാരിയായ ആനി കോൾ. ലക്ഷങ്ങളാണ് ഇവരുടെ മാസവരുമാനം. ഓരോ വർഷവും ആസ്തി കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഒരുമാസം സ്വന്തം കാര്യങ്ങൾക്കായി മാസവരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ചെലവാക്കുന്നത്.
മുപ്പതാറുകാരിയ കോൾ വർഷത്തിൽ മൂന്നുതവണ മാത്രമാണ് വസ്ത്രങ്ങൾ വാങ്ങുന്നത്. അതും പ്രാദേശിക മാർക്കറ്റുകളിൽ നിന്ന്. ഇവിടെ നിന്ന് ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ അവർ ഫലവത്തായി ഉപയോഗിക്കും. ഭക്ഷണച്ചെലവ് കുറയ്ക്കാനായി ഒരുമിച്ച് കുറച്ചധികം പാകം ചെയ്യുന്ന രീതിയും കോൾ സ്വീകരിക്കുന്നുണ്ട്. മുടിമുറിക്കുന്നതും സ്വന്തമായിത്തന്നെ. അമേരിക്കയിൽ മുടിമുറിക്കാൻ കടയിൽപ്പോകുന്നതിന് വൻ തുക ചെലവാക്കണമത്രേ. വിനോദയാത്രകൾ ഒഴിച്ചുകൂടാനാവാത്ത സമയത്തുമാത്രമായിക്കും.സ്വന്തമായുണ്ടായിരുന്ന കാർ കുറച്ചുനാൾ മുമ്പ് വിറ്റു. വളരെ അത്യാവശ്യമാണെങ്കിൽ മാത്രം ടാക്സി വിളിക്കും. അല്ലെങ്കിൽ പൊതുഗതാഗതത്തെയാേ സൈക്കിളിനെയോ ആശ്രയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റോബർട്ട് ചിൻ
ലാസ് വെഗാസിലെ ദന്തഡോക്ടറായ റോബർട്ട് ചിന്നും ഭാര്യ ജെസീക്ക ഫററും ദന്തചികിത്സയിലൂടെ വിജയം കണ്ടവരാണ്. ഓരോമാസവും ഇവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് ലക്ഷങ്ങളാണ്. പക്ഷേ ഭക്ഷണക്കാര്യത്തിലുൾപ്പെടെ മിതത്വം പുലർത്തുന്നുണ്ട്. ഓരോദിവസവും കൂടിവരുന്ന ചെലവുകൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ഇത് കൂടിയേ തീരൂ എന്നാണ് റോബർട്ട് പറയുന്നത്. റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുന്നത് അപൂർവമായി മാത്രം. ശേഷിക്കുന്ന ദിവസങ്ങളിലെല്ലാം വീട്ടിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണംതന്നെ അവർ ഓഫീസിലേക്കും കൊണ്ടുപോകന്നുണ്ട്. ഷോപ്പിംഗ് പ്രാദേശിക മാർക്കറ്റുകളിൽ നിന്നുമാത്രം.
കിട്ടുന്ന ഫലം കൂടുതൽ വരുമാനം കിട്ടുന്ന പദ്ധതികളിൽ നിക്ഷേപിക്കുക എന്നതാണ് ഇവരുടെ വിജയമന്ത്രം. വീടുകൾക്കും വാഹനങ്ങൾക്കുംചെലവാക്കുന്ന വൻ തുകകൾ വെറും ഡെഡ് മണിയെന്നാണ് മിതവ്യയം ശീലിച്ച കോടീശ്വരന്മാർ പറയുന്നത്.