തിരുവനന്തപുരം: കലാകുടുംബത്തിൽ നിന്നും വളർന്നുവന്ന അക്ഷയ് പെട്ടെന്നൊരു ദിവസം ഒരു പുതിയ തീരുമാനമെടുത്തു. ഇത്രയും നാൾ പയറ്റിത്തെളിഞ്ഞ നാടകകലയ്ക്ക് തൽക്കാലം വിശ്രമം നൽകാം. ഇനി തന്റെ കളരി ചാക്യാർകൂത്ത് ആണെന്ന് പത്താംക്ളാസുകാരൻ ഉറപ്പിച്ചു. ചാക്യാർക്ക് സമൂഹത്തിലെ ദുഷ്പ്രവണതകളെ വിമർശിക്കാൻ കലോത്സവവേദി ഏറ്റവും അനുയോജ്യമായി തോന്നിയതാണ് നാടകം വിട്ട് ചാക്യാർകൂത്തിലേക്ക് തിരിയാൻ കാരണം. നാടകകലാകാരനും അദ്ധ്യാപകനുമായ അച്ഛൻ രതീഷ് കുമാറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷം. അങ്ങനെ അക്ഷയ് ഗുരു പൊതുവിൽ നാരായണ ചാക്യാരുടെ ശിഷ്യത്വം സ്വീകരിച്ചു.
നാടകത്തിന്റെ അടിസ്ഥാനമുണ്ടായിരുന്നതിനാൽ വഴക്കം എളുപ്പമാക്കി. എങ്കിലും കഠിനാദ്ധ്വാനത്തിന്റെ ഫലം കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂൾ കലത്സവത്തിൽ പ്രതിഫലിച്ചു. എ ഗ്രേഡോടെ മിന്നും പ്രകടനമാണ് അക്ഷയ് പുറത്തെടുത്തത്. ഇത്തവണ കൗരവസഭയിലേക്കുള്ള കൃഷ്ണന്റെ ആഗമനമാണ് വിഷയമായി തിരഞ്ഞെടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ സമകാലിക സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഭരണപ്രതിപക്ഷ ഭേദമന്യേ അക്ഷയ് വിമർശനശരം എയ്തു.
കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്. അനുജൻ ആറാം ക്ളാസുകാരൻ അശ്വജിത്ത് സബ് ജില്ലാ കലോത്സവത്തിൽ നാടകത്തിൽ ബെസ്റ്റ് ആക്ടർ ആവുകയും, മോണോ ആക്ടിൽ എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്. ഒന്നാം ക്ളാസുകാരിയായ അനുജത്തി അക്ഷജയയും ചേട്ടന്മാരുടെ വഴിയിൽ തന്നെയാണ്. എൽ.പി അദ്ധ്യാപിക അനുജയാണ് മാതാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]