വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മൈക്ക് ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 218 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടിയാണ് സ്ഥാനം ഉറപ്പിച്ചത്. ജയിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ വോട്ടായിരുന്നു ഇത്. റിപ്പബ്ലിക്കൻ നേതാവായ തോമസ് മാസി മൈക്കിനെതിരെ വോട്ട് ചെയ്തു.
435 അംഗ സഭയിൽ 219 സീറ്റാണ് റിപ്പബ്ലിക്കൻമാർക്കുള്ളത്. ഡെമോക്രാറ്റുകൾക്ക് 215 സീറ്റാണുള്ളത്. മൈക്കിനെതിരെ റിപ്പബ്ലിക്കൻമാരിൽ ചിലരിൽ നിന്ന് എതിർപ്പുയർന്നിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ അവസാന നിമിഷം മൈക്കിനെ തുണച്ചു. 2023 ഒക്ടോബറിലാണ് മൈക്ക് സഭയുടെ സ്പീക്കർ പദവിയിലെത്തിയത്.