തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ യുവതിയെയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലാണ് അതിനിർണായകവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങൾ ഉള്ളത്. ഒരു സ്വകാര്യ ചാനലാണ് മൊഴിയിലെ വിവരങ്ങൾ പുറത്തുവിട്ടത്. രഞ്ജിനിയെയും 17 ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാർ മൊഴി നൽകിയിരിക്കുന്നത്.രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാൻ നിർദേശിച്ചത് രാജേഷ് ആണെന്നും മൊഴിയുണ്ട്.
പ്രസവത്തിന് മുന്നേതന്നെ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ഇതിനനുസരിച്ച് രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു. എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തശേഷമാണ് വാടക വീട്ടിലേക്ക് ഇവരെ മാറ്റിയതും.
പതിനെട്ട് വർഷം ഒളിവിൽ കഴിഞ്ഞതിന്റെ വിശദാംശങ്ങളും പ്രതികൾ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികൾ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വർഷം ഇന്ത്യ മുഴുവൻ കറങ്ങി. സൈന്യത്തിൽ ജോലിയുണ്ടായിരുന്നപ്പോൾ ശമ്പളം മിച്ചംപിടിച്ചിരുന്നു. ഈ തുക കൊണ്ടായിരുന്നു യാത്ര. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഒരിക്കൽപ്പോലും ബന്ധുക്കളെ വിളിച്ചിരുന്നില്ല.
ഇന്റീരിയർ ഡിസൈനിംഗ് നേരത്തേ പഠിച്ചെടുത്തിരുന്ന ഇരുവരും പോണ്ടിച്ചേരിയിലെത്തി വിഷ്ണുവെന്നും പ്രദീപ് എന്നും പേരുമാറ്റി. നല്ലപിള്ള ചമഞ്ഞതോടെ നാട്ടുകാരുടെ വിശ്വാസം ഏറി. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹംകൂടി കഴിച്ചതോടെ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് തന്നെ കരുതി. എന്നാൽ സിബിഐ ഇവരുടെ പ്രതീക്ഷകളെ എല്ലാം തല്ലിക്കെടുത്തുകയായിരുന്നു.
18 വർഷത്തിനശേഷമാണ് സി.ബി.ഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയിൽ നിന്ന് ഇവരെ പിടികൂടിയത്. അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയെയും (23) പിഞ്ചുകുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്. ആർമിയുടെ പഠാൻകോട്ട് റെജിമെന്റിലെ മുൻ സൈനികരായ അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. രഞ്ജിനിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചൽ ഏറത്തെ വീട്ടിൽ 2006 ഫെബ്രുവരി 10നാണ് കൊല്ലപ്പെട്ടത്.
രഞ്ജിനിയുടെ അമ്മ ശാന്തമ്മ രാവിലെ 10 മണിയോടെ പഞ്ചായത്ത് ഓഫീസിൽ പോയി. ഉച്ചയ്ക്ക് ഒന്നോടെ തിരികെ വന്നപ്പോൾ രഞ്ജിനിയെ നിലത്തും കുഞ്ഞുങ്ങളെ തൊട്ടിലിലും കട്ടിലിലുമായി കഴുത്തറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബം സംഭവദിവസം രാജേഷ് അവിടെ വന്നപോകുന്നതായി കണ്ടിരുന്നു. അതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ ദിബിൽകുമാറും രാജേഷുമാണെന്ന് പൊലീസ് നിരീക്ഷിച്ചത്.
ദിബിൽകുമാർ ബലാത്സംഗം ചെയ്താണ് താൻ ഗർഭിണിയായതെന്ന് രഞ്ജിനി പൊലീസിന് പരാതി നൽകിയിരുന്നു. അതിനു മുമ്പ് ഗർഭം അലസിപ്പിക്കണമെന്ന് ദിബിൽകുമാർ ആവശ്യപ്പെട്ടു. വിവാഹം കഴിക്കണമെന്നായിരുന്നു രഞ്ജിനിയുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടെയാണ് സഹപ്രവർത്തകനായ രാജേഷുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികൾക്കായി പൊലീസ് രാജ്യമാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ രഞ്ജിനിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2008ൽ കേസ് സി.ബി.ഐ ചെന്നൈ യൂണിറ്റിന് കേസ് കൈമാറി. അടുത്തിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിച്ചേരിയിൽ മറ്റ് പേരുകളിൽ കുടുംബസമേതം താമസിക്കുന്നുണ്ടെന്ന് വ്യക്തമായത്.
കൊലയ്ക്ക് പിന്നിൽ
സമീപവാസികളായ രഞ്ജിനിയും ദിബിൽകുമാറും അടുപ്പത്തിലായിരുന്നു. അമ്മ ശാന്തമ്മ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയി. ചികിത്സയ്ക്കുള്ള പണം എടുക്കാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയ രഞ്ജിനിയെ ദിബിൽകുമാർ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ ഈ വിവരം അമ്മയടക്കമുള്ള കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല. ആറാം മാസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ രഞ്ജിനി പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകി. വിവാഹം കഴിക്കണമെന്ന ആവശ്യം ദിബിൽകുമാർ നിരസിച്ചു. രഞ്ജിനി ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സൈന്യത്തിൽ നിന്ന് ദിബിൽകുമാറും രാജേഷും അവധിയെടുത്ത് നാട്ടിലെത്തി കൃത്യം നടപ്പാക്കിയത്.