ബീജിംഗ്: രാജ്യത്തെ എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്നം മാത്രമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വ്യാപകമാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞ തോതിലാണ് ഇത്തവണ രോഗവ്യാപനം. രോഗത്തിന്റെ തീവ്രത കുറവാണ്. പൗരന്മാരുടേയും രാജ്യത്തെത്തുന്ന വിദേശികളുടെയും ആരോഗ്യത്തിൽ സർക്കാർ ശ്രദ്ധാലുവാണ്. ചൈനയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും അധികൃതർ പറഞ്ഞു.
എച്ച്.എം.പി.വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ചൈനയിൽ അതിവേഗം പടരുന്നെന്നും ആശുപത്രികൾ രോഗികളാൽ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് ചൈനയുടെ പ്രതികരണം.
ചൈനയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന തരത്തിലെ റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. 2019ൽ കൊവിഡ് മഹാമാരിയുടെ വ്യാപനം ചൈന ആദ്യം മറച്ചുവച്ചിരുന്നു. ഇക്കാരണത്താൽ രോഗവ്യാപനം ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയടക്കം രാജ്യങ്ങൾ ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ലോകാരോഗ്യ സംഘടന ഇതേവരെ പ്രതികരിച്ചിട്ടില്ല.