കൊല്ലം: ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെല്ലാം കാറിലുണ്ടായിരുന്നവരാണ്. തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.ആംബുലൻസുകളിലായി പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ഒരാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുരതമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ ഒരാൾ കൂടി മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഒരാളുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനിടയാക്കിയ കാരണം വ്യക്തമല്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. തെറ്റായ ദിശയിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. എന്നാൽ ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.