
അതിജീവനത്തിന്റെ കഥ പറഞ്ഞ ഒട്ടനവധി സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അത്തരമൊരു കഥയാണ് ‘രാസ്ത’യും. ഇമോഷൺ-സർവൈവൽ ഡ്രാമയാണ് രാസ്ത എന്ന് ഒറ്റവാക്കിൽ പറയാം. അനീഷ് അൻവറിന്റെ സംവിധാനത്തിലെത്തിയ ചിത്രം പ്രവാസികൾ അടക്കമുള്ളവരുടെ കണ്ണിനെ ഈറനണിയിപ്പിക്കുമെന്ന് ഉറപ്പാണ്.
ലോകത്തിലെ ഏറ്റവും ഭയാനകമായ മരുഭൂമിയായ റുബൽ ഖാലിയില്‍ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് രാസ്ത ഒരുക്കിയിരിക്കുന്നത്. ഫൈസൽ, സാബിക്ക, സലീം, മുജീബ്, ഷഹാന എന്നിവരാണ് രാസ്തയിലെ പ്രധാന കഥാപാത്രങ്ങൾ. സർജ്ജാനോ ഖാലിദ്, അനഘ നാരായണൻ, ഇർഷാദ് അലി, സുധീഷ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നത്. മസ്ക്കറ്റ് ആണ് കഥാപാശ്ചാത്തലം.
ഇരുപത് വർഷങ്ങൾക്ക് മുൻപ് നാടും വീടും വിട്ട് പ്രവാസ ലോകത്തേക്ക് പോയ അമ്മയെ തിരക്കി വരുന്ന മകളാണ് ഷഹാന. രണ്ട് വയസിൽ നഷ്ടമായ ആ അമ്മ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അവൾക്ക് അറിയില്ല. അതവസാനം വരെ അങ്ങനെ തന്നെ പോകുന്നുമുണ്ട്. ഷഹാനയെ സഹായിക്കുന്ന സുഹൃത്തുക്കളാണ് ഫൈസലും മുജീബും. ഇരുവരും സുഹൃത്തുക്കളാണ്(പ്രവാസി). ഒരുദിവസം രാവിലെ അമ്മയെ തേടി പുറപ്പെടുന്ന സംഘം വഴിതെറ്റി മരുഭൂമിയിൽ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ രാസ്തയുടെ തിരക്കഥ മനോഹരമായി ഒരുക്കിയിട്ടുണ്ട്. അതിജീവനം മാത്രമല്ല, പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിൽ പ്രണയവും പ്രവാസ ജീവിതവും അമ്മ- മകൾ ബന്ധവുമെല്ലാം ഇവർ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു. മസ്കറ്റിന്റെ ഭംഗി അതേപോലെ സിനിമയില്‍ പകർത്തി എടുത്ത പ്രേംലാൽ പട്ടാഴിയും കയ്യടി അർഹിക്കുന്നുണ്ട്. ബി കെ ഹരി നാരായണൻ, അൻവർ അലി, ആർ വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരുടെ മനോഹര ഗാനങ്ങളും പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്നുണ്ട്.
രാസ്തയിലെ അഭിനേതാക്കൾ എല്ലാം തന്നെ അവരുടെ ഭാഗങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. സർജ്ജാനോ ഖാലിദ് ഒരു പ്രോമിസിംഗ് ആക്ടർ ആണെന്ന് മുൻപ് തന്നെ തെളിയിച്ചതാണ്. ഓരോ സിനിമകൾ കഴിയുന്തോറും നടനത് മെച്ചപ്പെടുത്തി വരുന്നുണ്ട്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും അനീഷിന്(മുജീബ്) ഒരു കൈനോക്കാവുന്നതാണ് എന്ന് ചിത്രം ഉറപ്പിക്കുന്നുമുണ്ട് ആരാധ്യ ആൻ, ടി ജി രവി, ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരാണ് രാസ്തയിലെ മറ്റ് താരങ്ങൾ. ‘രാസ്ത’ എന്നാല്‍ വഴി എന്നാണ് അര്‍ത്ഥം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]