
ലോട്ടറി അടിക്കുക എന്നാൽ വലിയ ഭാഗ്യം തന്നെയാണ്. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. ജർമ്മനിയിൽ നിന്നുള്ള ഒരു യുവതിയെ തേടി ക്രിസ്മസിന് അതുപോലെ ഒരു സർപ്രൈസ് എത്തി. ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടി വീട് വൃത്തിയാക്കുന്നതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച അവർ കണ്ടത്. അത് ഒരു ലോട്ടറി ടിക്കറ്റായിരുന്നു.
അതും ദിവസങ്ങളോ മാസങ്ങളോ മുമ്പെടുത്ത ലോട്ടറി ടിക്കറ്റൊന്നും ആയിരുന്നില്ല. രണ്ട് വർഷം മുമ്പെടുത്ത ലോട്ടറി ടിക്കറ്റ്. ഒരു ഡ്രോയറിന്റെ ഉള്ളിൽ നിന്നാണ് അവർക്ക് ആ ടിക്കറ്റ് കിട്ടിയത്. വെറുതെ അന്നേരത്തെ ഒരു തോന്നലിന് അവർ ആ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. അവരെത്തന്നെ ഞെട്ടിച്ചുകൊണ്ട് ആ ലോട്ടറി ടിക്കറ്റിന് സമ്മാനമുണ്ടായിരുന്നു. എത്രയെന്നോ? $110,000, ഇന്ത്യൻരൂപയിൽ ഏകദേശം 91 ലക്ഷത്തിന് മുകളിൽ വരുമിത്.
2021 ഫെബ്രുവരിയിൽ എടുത്ത ലോട്ടറി സൂപ്പർ 6 ലാണ് ഇവർക്ക് സമ്മാനം കിട്ടിയിരിക്കുന്നത്. എന്നാലും, രണ്ട് വർഷത്തിന് ശേഷമൊക്കെ സമ്മാനം കിട്ടുമോ എന്നാണെങ്കിൽ അവർക്ക് ആ തുക കിട്ടുകയും ചെയ്തു. ആ ടിക്കറ്റിന് യാതൊരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിരുന്നില്ല. അതിനാൽ തന്നെ അവർക്ക് തന്റെ സമ്മാനത്തുക കിട്ടി. ‘സംഭവിച്ചത് തനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. കാണാതെ പോയ ഒരു നിധി കയ്യിൽ കിട്ടിയാൽ എത്ര സന്തോഷം കാണുമോ? അത്രയും സന്തോഷം തോന്നി തനിക്ക്’ എന്നാണ് അവർ പറയുന്നത്.
എന്നാൽ, രസം ഇതൊന്നുമല്ല. അവിടുത്തെ ഏറ്റവും വലിയ സമ്മാനത്തുകയായ $660,000 (അഞ്ച് കോടിക്ക് മുകളിൽ രൂപ) ലോട്ടറിയടിച്ച ആൾ ഇതുവരെയും ആ സമ്മാനം കൈപ്പറ്റിയിട്ടില്ലത്രെ. 2024 ഡിസംബർ 31 വരെ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് സമ്മാനം വാങ്ങാൻ സമയമുണ്ട് എന്നും ലോട്ടറി ടിക്കറ്റ് കൈവശമുള്ളവർക്ക് വന്ന് തുക വാങ്ങാം എന്നുമാണ് ലോട്ടോ-ടോട്ടോ സാക്സെൻ-അൻഹാൾട്ട് ഡയറക്ടർ സ്റ്റെഫാൻ എബർട്ട് പറയുന്നത്. എന്നാലും, അഞ്ച് കോടിയുടെ ആ നിധി ഒരു ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ മറഞ്ഞിരിക്കുന്നത് എവിടെയാവും എന്നാണ് ഇപ്പോൾ ഇവിടുത്തുകാരുടെ സംശയം.
Last Updated Jan 4, 2024, 7:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]