
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- പതിനായിരങ്ങൾ ദിവസവും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ലാത്തസ്ഥിതി രോഗികളെ വലയ്ക്കുന്നു. പാവപ്പെട്ടവരാണ് കൂടുതലായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. രോഗികൾ പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടനിലയാണ് പല ആശുപത്രികളിലുമുള്ളത്.
സാമൂഹികാരോഗ്യകേന്ദ്രങ്ങളിലാണ് സ്ഥിതിരൂക്ഷം.
മെഡിക്കൽ കോളേജിലും എസ്.എ,ടി,ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കേരള മെഡിക്കൽ കോർപ്പറേഷനിൽനിന്നുള്ള മരുന്ന് തീരുമ്പോൾ തദ്ദേശസ്ഥാപനങ്ങളോ ആശുപത്രിവികസനഫണ്ടിൽനിന്നോ മരുന്നുകൾ വാങ്ങുന്നതാണ് പതിവ്. എന്നാൽ ആവശ്യമായ മരുന്നുകളുടെ കൃത്യമായകണക്ക് ബന്ധപ്പെട്ടവർ തയ്യാറാക്കാത്തതാണ് മരുന്ന് ക്ഷാമത്തിനിടയാക്കിയതെന്നാണ് പറയുന്നത്.
എന്തായാലും ആശുപത്രിയിലെത്തുന്നവർക്ക് നല്ലതുകമുടക്കി പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടസ്ഥിതിയാണുള്ളത്. പലമരുന്നുകൾക്കും വലിയവിലയാണുള്ളത്. കോവിഡിന് ശേഷമുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് രോഗികൾക്കിത് വലിയതലവേദനയായിരിക്കുകയാണ്. പകർച്ചപ്പനിയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. രോഗികൾ പ്രൈവറ്റ് ആശുപത്രികളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്.
സാധാരണനിലയിൽ ജീവതിശൈലീരോഗങ്ങൾക്ക് ഒരുമാസത്തേക്കുള്ളമരുന്നാണ് കൊടുക്കുക. എന്നാൽ ഇത് ഒരാഴ്ചത്തേക്കായി കുറയ്ക്കുകയാണിപ്പോൾ ചെയ്യുന്നത്. വിലക്കൂടുതലുള്ള മരുന്നുകൾക്കാണ് ക്ഷാമം കൂടുതലായുള്ളത്.സർക്കാരിന്റെ സാമ്പത്തികബാധ്യതയും ഇതിന് കാരണമാണ്.വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള രോഗികൾ, വിരണക്കാവ്, കാട്ടാക്കട, ആമച്ചൽ, ആര്യനാട്, ഉഴമഴക്കൽ എന്നിവിടങ്ങളിൽനിന്നുള്ള രോഗികൾ ഇപ്പോൾ വെള്ളനാട് ആശുപത്രിയിലാണ് എത്തുന്നത്.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് വികസനഫണ്ടിൽനിന്ന് ഒന്നരക്കോടി മുടക്കി മരുന്ന് വാങ്ങി. കിളിമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് 12ലക്ഷം രൂപക്ക് മരുന്ന് വാങ്ങി. വൻതുകമുടക്കി മരുന്ന് വാങ്ങാനായി ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന ആക്ഷേപവും ശക്തമാണ്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരുന്നില്ലെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി വീണാജോർജ്ജ് പ്രതികരിച്ചു. ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ, കേരളമെഡിക്കൽ കോർപ്പറേഷൻ ഡയറക്ടർ എന്നിവരിൽനിന്ന് റിപ്പോർട്ടാവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.