
സാധാരണയായി നമ്മൾ പാർക്കിൽ പോകുന്നത് എന്തിനാണ്? അല്പസമയം സ്വസ്ഥമായി സമയം ചെലവഴിക്കാനും സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കാനും ഒക്കെയല്ലേ. എന്നാൽ അമേരിക്കയിൽ ഒരു പാർക്ക് ഉണ്ട്. ആ പാക്കിൽ ആളുകൾ പോകുന്നത് ഇതിനൊന്നുമല്ല, പിന്നെ എന്തിനാണെന്നല്ലേ ചോദ്യം. വജ്രങ്ങൾ ശേഖരിക്കാനും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനുമാണ് അവര്‍ പാര്‍ക്കിലേക്ക് പോകുന്നത്. കേൾക്കുമ്പോൾ അത്ഭുതകരമായി തോന്നാമെങ്കിലും, സംഗതി സത്യമാണ്. ഡയമണ്ട്സ് സ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പാർക്ക് സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ അർക്കൻസാസിലാണ്. രാജ്യത്തെ ഒരേയൊരു സജീവ വജ്ര ഖനിയാണ് ഇത്. ആളുകൾ പലപ്പോഴും ഇവിടം സന്ദർശിക്കുന്നത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനാണ്. മിതമായ നിരക്കിൽ പാർക്കിൽ പ്രവേശിക്കാനും വജ്രങ്ങൾ തിരയാനും സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ട്.
അതെ, ഈ പാർക്ക് നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ഒരു വാതിലാണെന്ന് തന്നെ പറയാം, രസകരമെന്ന് പറയട്ടെ, ഇത് ഒരു വജ്രഖനി മാത്രമല്ല, മറ്റ് പല രത്നങ്ങളും ഇവിടെയുണ്ട്. രേഖകൾ പ്രകാരം 40 ഓളം വ്യത്യസ്ത ധാതുക്കൾ ഇവിടെ കാണപ്പെടുന്നു. എന്നുവെച്ചാൽ അൽപം ഭാഗ്യമുള്ളവർക്ക് അമേത്തിസ്റ്റ്, ഗാർനെറ്റ്, കാൽസൈറ്റ്, പെരിഡോട്ട് തുടങ്ങിയ വില കൂടിയ രത്നങ്ങള്‍ വരെ സ്വന്തം ഭാഗ്യം അനുസരിച്ച് ഇവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞേക്കാം എന്ന് തന്നെ. 911 ഏക്കർ സ്റ്റേറ്റ് പാർക്കിന്റെ ഭാഗമായുള്ള ഒരു ഗർത്തത്തിലാണ് ഈ അമൂല്യ വജ്ര ശേഖരം ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1972 ൽ ആണ് ഗർത്തം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അന്ന് മുതല്‍ ഇതുവരെയായി ഇവിടെ നിന്നും, 35,000-ലധികം രത്നങ്ങൾ കണ്ടെത്തി. പ്രതിവർഷം ഒരു ലക്ഷത്തിലധികം സന്ദർശകർ തങ്ങളുടെ ഭാഗ്യം തേടി ഈ പാർക്കിൽ എത്താറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ നിന്നും കണ്ടെത്തിയ ഏതാനും രത്നങ്ങൾ വർഷങ്ങളായി പ്രചാരം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ രത്നങ്ങളിൽ ചിലത് 40.23 കാരറ്റ് അങ്കിൾ സാം (1924), 34.25 കാരറ്റ് സ്റ്റാർ ഓഫ് മർഫ്രീസ്ബോറോ (1964) എന്നിവയാണ്. വടക്കേ അമേരിക്കയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രണ്ട് വജ്രങ്ങളാണിവ. ഇവ രണ്ടും കൂടാതെ, 15.33 കാരറ്റ് സ്റ്റാർ ഓഫ് അർക്കൻസാസും (1956) ഈ പാർക്കിൽ നിന്ന് കണ്ടെത്തിയതാണ്. എന്താ ഒരു വജ്രവേട്ടയ്ക്ക് ഇറങ്ങുന്നോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]