
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- ‘വിശ്വാസികൾക്കാണ് വിജയം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ പഠനക്ലാസ് സംഘടിപ്പിച്ചു. ഐ.എസ്.എം മലപ്പുറം ജില്ല (ഈസ്റ്റ്) വൈസ് പ്രസിഡന്റ് ജഅ്ഫർ മദനി നേതൃത്വം നൽകി. ഐഹിക ജീവിതത്തിന്റെ നിറപ്പകിട്ടിൽ കണ്ണ് മഞ്ഞളിക്കാതെ നശ്വരമായ ജീവിതത്തിന്റെ നിസ്സാരതയെ കുറിച്ച് മനസ്സിലാക്കുവാനും ധാർമികതയിൽ അധിഷ്ഠിതമായി ജീവിതത്തെ ചിട്ടപ്പെടുത്തുവാനും സാധ്യമാകുന്നത് കറ പുരളാത്ത വിശ്വാസമുള്ള (ഈമാൻ) മനസ്സുകൾക്കാണ്. അത്തരക്കാർക്ക് മാത്രമേ ആത്യന്തികമായ വിജയം കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും ജഅ്ഫർ മദനി അഭിപ്രായപ്പെട്ടു. ഐഹിക ജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താൽക്കാലികമാണ്. ആ നിലക്കുള്ള വില മാത്രമെ അതിനു കൽപിക്കാവൂ. സൽക്കർമങ്ങളായി ഈ ലോകത്തു വെച്ച് എന്ത് ചെയ്യുന്നുവോ അതിനു മാത്രമേ നിലനിൽപ്പും യഥാർഥ ഫലവും ലഭിക്കുകയുള്ളൂ. ഈ ലോകത്ത് ജീവിക്കുമ്പോൾ നമുക്കുണ്ടായേക്കാവുന്ന പ്രശസ്തിയും സമ്പന്നതയും സ്വാധീനങ്ങളും ഒന്നും നമ്മെ വഞ്ചിച്ചു കളയുന്നവയാകരുത്. കാരണം നമുക്ക് സംഭവിച്ചേക്കാവുന്ന ചെറിയ ഒരു അപകടമോ ബുദ്ധിമുട്ടോ നമ്മെ ശാശ്വതമായ വിസ്മൃതിയിലേക്ക് തള്ളി വിട്ടേക്കാം. എന്നാൽ ഏകനായ സ്രഷ്ടാവിൽ പൂർണമായി വിശ്വാസമർപ്പിക്കുകയും തന്റെ ജീവിതത്തിൽ സംഭവിക്കുന്ന നന്മകളും തിന്മകളും ഗുണങ്ങളും ദോഷങ്ങളുമെല്ലാം തന്നെ സ്രഷ്ടാവിന്റെ തീരുമാന പ്രകാരമാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ സദാ സംതൃപ്തനും സന്തോഷവാനുമായിരിക്കും. അത്തരക്കാർ അധാർമികതയുടെ വഴികളിൽ സഞ്ചരിക്കുകയില്ല. അവർക്ക് തന്നെയാണ് വിജയം.
മന്ത്രവാദങ്ങളുടെയും ആഭിചാര ക്രിയകളുടെയും സഹായത്താൽ ഐഹിക ലോകത്തിന്റെ സംതൃപ്തിയെ പൂർണമായും ആവാഹിച്ചെടുക്കുന്നതിന് വേണ്ടിയുള്ള മാനവന്റെ നെട്ടോട്ടം അവനെ മഷിനോട്ടത്തിലും മന്ത്രിച്ചൂതിയ വെള്ളത്തിലും ഏലസിലും മറ്റും കെട്ടിയിട്ടിരിക്കുകയാണ് എന്ന് വർത്തമാന സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെയെല്ലാം അന്ത്യം ചെന്നെത്തുന്നത് അപകടകരമായ അവസ്ഥാ വിശേഷങ്ങളിലാണെന്നദ്ദേഹം പറഞ്ഞു.
അതിനാൽ, ഏകനായ സ്രഷ്ടാവിൽ പൂർണമായും ഭരമേൽപിച്ചും അവനോട് മാത്രം പ്രാർഥനകൾ അർപ്പിച്ചും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ചര്യകൾക്ക് അനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തിയും മുന്നോട്ട് പോകുമ്പോൾ മാത്രമാണ് വിശ്വാസം (ഈമാൻ) ഒരു മനുഷ്യന്റെ മനസ്സിൽ രൂഢമൂലമാകുന്നത്. അത്തരത്തിൽ അചഞ്ചലമായ വിശ്വാസം നേടിയെടുക്കുന്നവർ അന്ധവിശ്വാസങ്ങളുടെ ചതിക്കുഴിയിൽ വീഴില്ലെന്നും അവർ ഇഹലോകത്തും പരലോകത്തും വിജയം നേടുന്നവരായി മാറുമെന്നുമദ്ദേഹം പറഞ്ഞു. പരിപാടിയിൽ ശരീഫ് ബാവ തിരൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നയീം മോങ്ങം നന്ദിയും പറഞ്ഞു.