പാട്ട് ആസ്വാദകർക്ക് സുപരിചിതനായ വ്യക്തിയാണ് ദിവാകൃഷ്ണ. ‘പാട്ടുവർത്തമാനം’ എന്ന തൻ്റെ പരിപാടിയിലൂടെ പാട്ടുകളുടെ അറിയാക്കഥകൾ പങ്കുവെച്ചാണ് ദിവാകൃഷ്ണ ശ്രദ്ധ നേടുന്നത്.
ഐഡിയ സ്റ്റാർ സിംഗറിലും സജീവ സാന്നിധ്യമായ അദ്ദേഹം, സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും മാസങ്ങളായി വിട്ടുനിൽക്കുകയായിരുന്നു. താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നുവെന്നും ഫാറ്റി ലിവർ ഗ്രേഡ് ത്രീ അവസ്ഥയിലായിരുന്നുവെന്നും ദിവാകൃഷ്ണ വെളിപ്പെടുത്തുന്നു.
രക്തത്തിലും കുടലിലും അണുബാധയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തെ കുറിച്ച് ദിവാകൃഷ്ണയുടെ വാക്കുകൾ ഓഗസ്റ്റ് മാസത്തിലാണ് അവസാനമായി എനിക്ക് വീഡിയോകൾ ചെയ്യാൻ സാധിച്ചത്.
അതിനുശേഷം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. ജീവിതം പല വഴികളിലൂടെ സഞ്ചരിച്ചു.
ഇതിനിടയിൽ സന്തോഷകരമായ ഒരു കാര്യവുമുണ്ടായി, ഞാനൊരു അച്ഛനായി. എന്നാൽ ഈ സന്തോഷം എത്തുന്നതിന് മുൻപ് തുടർച്ചയായി പല പ്രയാസങ്ങളുമുണ്ടായിരുന്നു.
ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ തന്നെ വരുത്തിവെച്ച പ്രശ്നങ്ങളായിരുന്നു അവയെല്ലാം. ഒൻപതാം വയസ്സു മുതൽ പുറത്തുനിന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയ ആളാണ് ഞാൻ.
നിയന്ത്രണമില്ലാത്ത ഈ ഭക്ഷണശീലമായിരിക്കാം എൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കോളേജ് കാലഘട്ടത്തിലാണ് പുറത്തുനിന്നുള്ള ഭക്ഷണം കൂടുതലായി കഴിച്ചുതുടങ്ങിയത്.
കഴിഞ്ഞ ഒന്നര വർഷമായി എല്ലാ മാസവും എനിക്ക് പനി വരുമായിരുന്നു. നാലോ അഞ്ചോ ദിവസം കിടപ്പിലാകും.
പാരസെറ്റമോൾ കഴിച്ച് താൽക്കാലികമായി ഭേദമാക്കും. ആശുപത്രിയിൽ പോകുമ്പോൾ ആന്റിബയോട്ടിക്സ് ലഭിക്കും, അതോടെ അസുഖം മാറും.
എന്നാൽ അടുത്ത മാസം പനി വീണ്ടും വരും. ഒരിക്കൽ പനി വന്ന സമയത്ത് വാഹനം ഓടിക്കുമ്പോൾ ബോധം നഷ്ടപ്പെട്ടു.
ഭാഗ്യം കൊണ്ടുമാത്രം അന്ന് അപകടമൊന്നും സംഭവിച്ചില്ല. പിന്നീട് കുറച്ചു മാസങ്ങൾ കുഴപ്പമില്ലായിരുന്നു.
എന്നാൽ ഈ സെപ്റ്റംബറിൽ പനി വീണ്ടും പിടികൂടി. പലതവണ വന്നുപോയി.
അതിനുശേഷം ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പനി വന്നു. ആശുപത്രിയിൽ പോയി ഇൻജെക്ഷൻ എടുത്തപ്പോൾ കുറഞ്ഞെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വന്നു.
അതോടൊപ്പം കടുത്ത വയറിളക്കവും. മരണത്തെ മുഖാമുഖം കണ്ട
ദിവസങ്ങളായിരുന്നു അത്. ഒരിക്കൽ ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ പോയപ്പോൾ യാദൃശ്ചികമായി ഞാനും ഡോക്ടറെ കണ്ടു.
ഉടൻതന്നെ രക്തപരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു. ഫലം വന്നപ്പോൾ അഡ്മിറ്റ് ആകാൻ പറഞ്ഞു.
അങ്ങനെ ആശുപത്രിയിലായി. പരിശോധനയിൽ രക്തത്തിൽ അണുബാധ കണ്ടെത്തി.
പിന്നീട് അത് ടൈഫോയ്ഡ് ആണെന്ന് സ്ഥിരീകരിച്ചു. ടൈഫോയ്ഡ് മൂർച്ഛിച്ചാൽ ഓരോ അവയവങ്ങളായി പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയും ചെയ്യാം.
എൻ്റെ കാര്യത്തിൽ അത് കരളിനെയാണ് ബാധിച്ചത്. ഫാറ്റി ലിവർ ഗ്രേഡ് ത്രീ എന്ന അവസ്ഥയിലായിരുന്നു ഞാൻ.
ലിവർ സിറോസിസ് ആണ് അടുത്ത ഘട്ടം. എൻ്റെ നെറ്റി ആകെ കറുത്തിരുന്നു.
ശരീരത്തിൽ എവിടെയെങ്കിലും ഇതുപോലെ നിറവ്യത്യാസം കണ്ടാല് ഉടൻ ഡോക്ടറെ സമീപിക്കണം. അത് കരളിൻ്റെ തകരാറിന്റെ ലക്ഷണമാകാം.
കരൾ പ്രവർത്തനരഹിതമായി എന്ന് എൻ്റെ നെറ്റിയിൽ എഴുതിവെച്ചതുപോലെയായിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ കഴിയില്ലേ എന്ന് പോലും ഞാൻ ചിന്തിച്ചുപോയി.
കുടലിലും അണുബാധയുണ്ടായി. വയറ്റിൽ കടുത്ത എരിച്ചിലായിരുന്നു.
കുടലിനുള്ളിൽ മുറിവുകൾ വന്ന് വ്രണമായി. മസാലകൾ ഒന്നും ചേർക്കാതെയായിരുന്നു ഭക്ഷണം.
നോൺ വെജ് പൂർണ്ണമായി ഒഴിവാക്കി. ഭക്ഷണക്രമം കൃത്യമായി പാലിച്ചതോടെ അണുബാധ മാറി.
പക്ഷെ ഉയർന്ന കൊളസ്ട്രോളും ഉണ്ടായിരുന്നു. എല്ലാവരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം.
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കുകയും ആഹാരത്തിൽ നിയന്ത്രണം കൊണ്ടുവരുകയും ചെയ്യുക. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

