
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – വി ഐ പി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എം പി കെ സുധാകരന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി പോലീ,സ് കമ്മീഷണര്‍ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷവും ഇന്ത്യയുടെ നിലപാടും സഭാനടപടികള്‍ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രനും ബെന്നി ബഹന്നാനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഖത്തറില്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണത്തില്‍ തമിഴ്നാട്ടിലും രാജസ്ഥാനിലും ഇ ഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മാണിക്യം ടാഗോര്‍ എം പി യും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തില്‍ 19 ബില്ലുകള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വച്ചേക്കും. മഹുവ മൊയ്ത്രയെ സഭയില്‍ നിന്ന് പുറത്താക്കണമെന്നുള്ള റിപ്പോര്‍ട്ട് സഭയ്ക്കുള്ളില്‍ വലിയ ഒച്ചപ്പാടിന് കാരണമാകും.