
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉറുമ്പുകള്‍
ഒരിക്കല്‍
വലിയ പുളിയുറുമ്പുകളുടെ കൂട്ടം
എന്നെ കാര്‍ന്നുതിന്നുന്നതായി
സ്വപ്നം കണ്ടിരുന്നു.
അന്നുണര്‍ന്നപ്പോള്‍
അരയ്ക്കു മുകള്‍ഭാഗത്തേക്കു മാത്രമേ
ഞാനുണ്ടായിരുന്നുള്ളൂ.
അതില്‍ത്തന്നെ
ഇടതുകയ്യിലെ
തള്ളവിരലൊഴിച്ച്
ബാക്കിയെല്ലാം
അവ
തിന്നു തീര്‍ത്തിരുന്നു.
ഞാനിരുന്നുറങ്ങിപ്പോയ
സെറ്റിയിലും തറയിലും
എന്തിന്,
ചുമരിലും തട്ടിലുമെല്ലാം
അവ നിറഞ്ഞിരുന്നു.
പൊടുന്നനെ
എന്റെ തള്ളവിരലിലേക്ക്
ഒരു കൂട്ടം തള്ളിക്കയറുമ്പോള്‍
ബാക്കിയുള്ളവ ഇറങ്ങി
വാതിലിന്റെ കട്ടിളപ്പടിയില്‍
തിങ്ങിഞെരുങ്ങി
വിശ്രമം പൂണ്ടു.
എന്റെ കണ്ണ് പതിച്ചിടത്തെല്ലാം
തടിച്ചു കൂടിയ ഉറുമ്പുകള്‍!
ഒന്നുകില്‍ എന്നെ തിന്ന്
വിശ്രമത്തില്‍;
അല്ലെങ്കില്‍ തിന്നാനുള്ള
ക്യൂവില്‍.
എന്റെ മാംസം തിന്നുതീര്ക്കാനിനി
മണിക്കൂറുകള്‍ മാത്രമേ
അവശേഷിച്ചതായുള്ളൂവെന്ന്
ഒരു ചെറുഞെട്ടല്‍
മാംസമില്ലാത്ത കാലിന്
പെരുവിരലിലൂടൂര്ന്നിറങ്ങി.
ശരീരമില്ലാതെ
ഞാനിനിയെവിടെ പാര്‍ക്കും?
ചില ചിന്തകള്‍
പേടിയുളവാക്കും.
എന്റെ സ്വത്വബോധം
എന്നെയുണര്ത്തി,
പിന്നെ, സത്യം വെളിവാക്കി
ആ ബോധം
ഇറങ്ങിപ്പോയി.
അത് ഉറക്കത്തിനുള്ളിലെ ഉറക്കവും
സ്വപ്നത്തിന്റെയടരുകളില്
ഏഴാമത്തെയുമായിരുന്നു;
ബാക്കിയുള്ളവ
ഇതള്‍ വിടര്ത്തുന്നതുംകാത്ത്
ഞാന്‍ വീണ്ടും മയങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]