
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സൂചനകളിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലായി ബിജെപി മുന്നേറുമ്പോൾ മുഖ്യമന്ത്രിയായ അശോക് ഗലോട്ടും (കോൺഗ്രസ്) മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയും (ബിജെപി) വിജയിച്ചു. ഇരുപത്തിനാലായിരത്തിൽപരം വോട്ടിൻ്റെ ഭൂരിപക്ഷം നേടി അശോക് ഗലോട്ട് (ശാരദപുര മണ്ഡലം) വിജയിച്ചപ്പോൾ, 53,139 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വസുന്ധര രാജെ സിന്ധ്യ (ഝാൽറാപാഠൻ മണ്ഡലം) നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താൻ വസുന്ധര രാജെ സിന്ധ്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ തവണത്തെ 34,840 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വസുന്ധര രാജെ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നത്.
രാജസ്ഥാനിൽ 108 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നേടിയത്. 74 സീറ്റുകളിൽ കോൺഗ്രസും മുന്നിലുണ്ട്. 15 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ ബിജെപി ഭരണം ഉറപ്പിക്കുമ്പോൾ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് മറുതലത്തിൽ ഉയരുന്നത്. പ്രചാരണ വേളയിൽ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിരുന്നില്ലെങ്കിലും വസുന്ധര രാജെ സിന്ധ്യ, ബാബ ബാലക് നാഥ്, ഗദേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
രാജസ്ഥാനിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായ വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി ആകാനുള്ള സാധ്യത ഏറെയാണെങ്കിലും പല തലത്തിലുള്ള ചർച്ചകളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. 2003ൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റ വസുന്ധര രാജെയാണ് സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രി. പിന്നീട് 2013 ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ വസുന്ധര വീണ്ടും മുഖ്യമന്ത്രിയായി. 2023 ൽ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേക്ക് മടങ്ങി വരുമ്പോൾ വസുന്ധര രാജെ സിന്ധ്യയ് മൂന്നാമൂഴം നല്കുമോ എന്നാണ് കണ്ടറിയേണ്ടത്.
Last Updated Dec 3, 2023, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]