.news-body p a {width: auto;float: none;}
വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ നേരിട്ടുള്ള വോട്ട് (പോപ്പുലർ വോട്ട്) കൂടുതൽ കിട്ടിയതു കൊണ്ട് മാത്രം ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ ജയിക്കില്ല. ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം നേടുന്ന ആളാണ് പ്രസിഡന്റാവുക. പോപ്പുലർ വോട്ടിൽ പിന്നിലായിട്ടും ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം നേടി പ്രസിഡന്റായവരുണ്ട്.
ജോൺ ക്വിൻസി ആഡംസ് (1824), റുതർ ഫോർഡ് ബി. ഹെയ്സ് (1876), ബെഞ്ചമിൻ ഹാരിസൺ (1888), ജോർജ് ഡബ്ല്യു. ബുഷ് (2000), ട്രംപ് (2016) എന്നിവരാണത്. 2016ൽ ട്രംപിനേക്കാൾ 2.1 ശതമാനം പോപ്പുലർ വോട്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റൻ നേടിയിരുന്നു. പോപ്പുലർ വോട്ടിൽ തോറ്റാലും പ്രസിഡന്റാകാമെന്നതിനാൽ ഇലക്ടറൽ കോളേജ് സംവിധാനത്തിനെതിരെ വിമർശനങ്ങളുമുണ്ട്.
മുസ്ലീം വോട്ടും
നിർണായകം
യു.എസിൽ 25 ലക്ഷം മുസ്ലീം വോട്ടർമാരുണ്ട്. ഗാസ യുദ്ധത്തിൽ യു.എസ് ഇസ്രയേലിന്റെ പക്ഷം പിടിച്ചത് മുസ്ലീം വോട്ടർമാരെ ചൊടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് എന്ന ഏജൻസി നടത്തിയ സർവേയിൽ 41% മുസ്ലീങ്ങൾ കമലയെ ആണ് പിന്തുണയ്ക്കുന്നത്. 42% പരിസ്ഥിതി ജനാധിപത്യ സാമൂഹ്യനീതി മുദ്രാവാക്യമാക്കിയ ഗ്രീൻ പാർട്ടിയുടെ സ്ഥാനാർത്ഥി ജിൽ സ്റ്റീനിനെ പിന്തുണയ്ക്കുന്നു. ട്രംപിന് 10% പിന്തുണയേ ഉള്ളൂ. സ്റ്റീനിനുള്ള മുസ്ലീം പിന്തുണ തുടർന്നാൽ ഇഞ്ചോടിച്ച് മത്സരം നടക്കുന്ന മിഷിഗൺ പോലുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും സർവേ പറയുന്നു.
1. ഇലക്ടറൽ കോളേജിൽ 538 അംഗങ്ങൾ
2. പ്രസിഡന്റാവാൻ 270 ഇലക്ടറൽ വോട്ട് വേണം
3. ഇലക്ടറൽ വോട്ടുകൾ 50 സംസ്ഥാനങ്ങൾക്കും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിക്കുമായി വിഭജിച്ച് നൽകിയിരിക്കുന്നു
4. നെബ്രസ്കയിലും മെയ്നിലും ഒഴികെ എല്ലാ സംസ്ഥാനത്തും ഭൂരിപക്ഷം പോപ്പുലർ വോട്ട് കിട്ടുന്നവർക്ക് എല്ലാ ഇലക്ടറൽ കോളേജ് അംഗങ്ങളെയും ലഭിക്കും. ഉദാ: 2020 തിരഞ്ഞെടുപ്പിൽ അലബാമയിൽ ഭൂരിപക്ഷം നേടിയത് ട്രംപാണ്. അതിനാൽ അവിടത്തെ 9 ഇലക്ടറൽ വോട്ടുകളും ട്രംപിനായിരുന്നു
5. നെബ്രസ്കയിലും മെയ്നിലും പോപ്പുലർ വോട്ടിൽ മുന്നിലെത്തുന്നയാൾക്ക് 2 ഇലക്ടറൽ വോട്ട് ലഭിക്കും. ബാക്കി വോട്ടുകൾ ഓരോ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലും മുന്നിലെത്തുന്നത് അനുസരിച്ച് നൽകും
6. ഇലക്ടറൽ കോളേജ് അംഗങ്ങളുടെ എണ്ണം സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും
7. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ട് കാലിഫോർണിയയിൽ (54)
8. ഇലക്ടറൽ കോളേജ് ഫലം ടൈ ആയാൽ തീരുമാനം ജനപ്രതിനിധി സഭയ്ക്ക്
9. ബുധൻ, വ്യാഴം ദിവസങ്ങളിൽ തന്നെ വിജയിയെ അറിയാം
# ഓർമ്മിക്കാൻ
നവംബർ 5 – തിരഞ്ഞെടുപ്പ്
നവംബർ 6 – ഡിസംബർ 11 – തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാനങ്ങൾ സാക്ഷ്യപ്പെടുത്തണം
ഡിസംബർ 17 – ഇലക്ടറൽ കോളേജ് അംഗങ്ങളുടെ വോട്ടിംഗ്
2025 ജനുവരി 6 – യു.എസ് കോൺഗ്രസ് സമ്മേളിച്ച് ഇലക്ടറൽ വോട്ടുകൾ എണ്ണി ഉറപ്പിക്കും
ജനുവരി 20 – പുതിയ പ്രസിഡന്റ് അധികാരമേൽക്കും
# പ്രസിഡന്റിനെ മാത്രമല്ല…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രസിഡന്റിനെ മാത്രമല്ല, യു.എസ് കോൺഗ്രസ് അംഗങ്ങളെയും വോട്ടർമാർ തിരഞ്ഞെടുക്കുന്നുണ്ട്. ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ 34 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻമാർക്കാണ് നിലവിൽ സഭയുടെ നിയന്ത്രണം. സെനറ്റിൽ ഡെമോക്രാറ്റുകളും.
#വോട്ടർമാർ – 24.4 കോടി
(ഏർലി വോട്ടിംഗിൽ 7 കോടി ആളുകൾ വോട്ട് ചെയ്തുകഴിഞ്ഞു)