
ദില്ലി: ഇന്ത്യൻ വിപണയിൽ വരുമാനത്തിൽ കമ്പനി വൻ മുന്നേറ്റം നടത്തിയെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഒരു ഇൻവസ്റ്ററുടെ കോളിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവിശ്വസനീയമാംവിധം ആവേശകരമായ വിപണിയാണ് ഇവിടെയുള്ളതെന്നും തങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ, ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ ഒരു സ്റ്റോർ. ഏപ്രിൽ 18 നായിരുന്നു സ്റ്റോറിന്റെ ഉദ്ഘാടനം. ആപ്പിൾ ആരാധകരുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. രണ്ടാമത്തെ സ്റ്റോർ കുറച്ച് ദിവസങ്ങൾക്ക് ശേഷം ന്യൂഡൽഹിയിൽ സാകേതിലെ സെലക്ട് സിറ്റിവാക്ക് മാളിൽ തുറന്നു. രണ്ട് സ്റ്റോർ ഓപ്പണിംഗുകളിലും ആപ്പിൾ സിഇഒ ടിം കുക്ക് സന്നിഹിതനായിരുന്നു. മാധ്യമ അഭിമുഖങ്ങളിൽ ഇന്ത്യ എങ്ങനെ ഒരു പ്രധാന വിപണിയാണെന്നതിനെക്കുറിച്ച് ദീർഘമായി അന്നദ്ദേഹം സംസാരിച്ചിരുന്നു.
ആപ്പിളിലെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ലൂക്കാ മേസ്ത്രി പറയുന്നത് അനുസരിച്ച് ഈ വർഷം ഐ ഫോൺ വരുമാനം 43.8 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയിലെ സർവകാല റെക്കോർഡാണ് ഇത്. വർഷം തോറും ഇതിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സർവകാല റെക്കോർഡും കാനഡയിലെ സെപ്തംബർ പാദത്തിലെ റെക്കോർഡുകളും ഉൾപ്പെടെ നിരവധി വിപണികളിൽ തങ്ങൾക്ക് ശക്തമായ പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ഫോണുകളിലൊന്നാണ് ഐഫോൺ. ഓരോ വർഷവും പുതിയ ആപ്പിൾ ഐഫോണിൻറെ വേരിയന്റ് ലോഞ്ച് ചെയ്യാറുണ്ട് . ഈ വർഷം, ആപ്പിളിൻറെ വണ്ടർലസ്റ്റ് ഇവന്റിനിടെയാണ് സെപ്റ്റംബർ 12 ന് ഐഫോൺ 15 ലോഞ്ച് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 ന് ഫോൺ വിൽപ്പനയ്ക്കെത്തി, ഡൽഹിയിൽ പുതുതായി തുറന്ന ആപ്പിൾ സ്റ്റോറുകൾക്ക് പുറത്ത് ആളുകൾ ക്യൂ നിന്നിരുന്നു, ഫോൺ സ്വന്തമാക്കാനായി.
Last Updated Nov 4, 2023, 7:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]