
ദില്ലി: പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയില്‍ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്ന് മഹുവ മൊയ്ത്ര എംപി ഏഷ്യാനെറ്റ് ന്യൂസിനോട്. കോഴ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതുകൊണ്ടാണ് ഹിയറിങ്ങില്‍ നിന്ന് ഇറങ്ങി പോയതെന്നും മഹുവ വെളിപ്പെടുത്തി. ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ മഹുവ, ആദാനി തന്നെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇങ്ങനെ നിലവാരം കുറഞ്ഞ ചോദ്യങ്ങള്‍ മാത്രമായിരുന്നു ചെയര്മാന് ചോദിച്ചുകൊണ്ടിരുന്നത്. സമിതി അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും മറ്റാര്‍ക്കും അവസരം നല്‍കാതെ വൈകൃതം തുടര്‍ന്നുവെന്നും മഹുവ പറഞ്ഞു. എത്തിക്സ് കമ്മിറ്റി ചെയര്‍മാനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. വീണ്ടും സമിതിക്ക് മുന്‍പാകെ ഹാജരാകാന്‍ സന്നദ്ധയാണ്, വ്യക്തിപരമായ ഒരു ചോദ്യം പോലും ഉണ്ടാകില്ലെന്ന ഉറപ്പില്‍ മാത്രം. രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കൈപ്പറ്റിയെന്ന ആക്ഷേപത്തിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ജന്മദിനത്തിലടക്കം ചില സമ്മാനങ്ങള്‍ നല്‍കിയെന്ന് മാത്രമാണ് സമിതിക്ക് മുന്‍പാകെ ദര്ശന് ഹിരാനന്ദാനി സമ്മതിച്ചത്. തന്റെ വീട് മോടി പിടിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണെന്നും മഹുവ പറഞ്ഞു.
അദാനിക്കെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് വേട്ടയാടപ്പെടുന്നത്. അടുത്തിടെയും അദാനി തന്നെ വിളിച്ച് ഉപദ്രവിക്കരുതെന്നും വിവാദത്തില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞെന്നും മഹുവ വെളിപ്പെടുത്തി. പോരാട്ടം തുടരുമെന്ന് മലയാളത്തില്‍ പറഞ്ഞാണ് മഹുവ സംഭാഷണം അവസാനിപ്പിച്ചത്.
Last Updated Nov 3, 2023, 4:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]