
തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പലസ്തീൻ അനുകൂല സെമിനാറിൽ മുസ്ലീം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്ട്രീയമായി നേട്ടമാണ്. യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു എന്ന് മാത്രമല്ല, പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടില്ലായ്മ വെളിപ്പെട്ടെന്നും സിപിഎം വിലയിരുത്തുന്നു. സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ച നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം വിമർശനവുമായി രംഗത്തെത്തി. ‘അടുത്ത ജന്മത്തില് പട്ടിയാകുന്നതിന് ഈ ജന്മത്തില് കുരക്കണമോയെന്നുള്ള മാധ്യമങ്ങളോടുള്ള സുധാകരന്റെ പരാമർശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം സുധാകരന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിമർശനം കടുത്തതോടെ സുധാകരൻ വാക്കുകൾ വളച്ചൊടിച്ചെന്ന് വീണ്ടും പ്രതികരിക്കുകയായിരുന്നു.
ജനവിരുദ്ധ നയങ്ങൾ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പിന്നീട് പറഞ്ഞു. ഇടിയുടെ പ്രസ്താവനക്കെതിരായ പട്ടി പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയെന്നായിരുന്നു സുധാകരന്റെ പരാമർശം.
Last Updated Nov 3, 2023, 7:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]