തൃശൂര്‍: പുതുക്കാട് പറപ്പൂക്കര മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയശേഷം വീടിനു മുകളില്‍ ഒളിച്ചിരുന്ന മകന് അഞ്ച് മണിക്കൂര്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടന്‍ വീട്ടില്‍ 68 വയസുള്ള ശിവനെയാണ് മകന് വിഷ്ണു വെട്ടിയത്.
കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
40 ദിവസത്തോളമായി വിഷ്ണു വീട്ടില്‍ തനിച്ചായിരുന്നു താമസം. മകളുടെ വീട്ടിലായിരുന്ന ശിവന് ലൈഫ് പദ്ധതിക്ക് പഞ്ചായത്തില്‍ സമര്‍പ്പിക്കാന്‍ വീടിനുള്ളില്‍ നിന്ന് രേഖകള്‍ എടുക്കാന്‍ എത്തിയതായിരുന്നു.
ഭാര്യ ലതികയും ഒരു ബന്ധവും ഒപ്പമുണ്ടായിരുന്നു. ഇവരെ വീടിന് വീടിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്ന വിഷ്ണു രേഖകള്‍ കിണറ്റിലിട്ടതായി പറഞ്ഞു.
വീട്ടുകാര്‍ നോക്കിയപ്പോള്‍ വസ്ത്രങ്ങളും രേഖകളും കിണറ്റില്‍ കിടക്കുന്നത് കണ്ടു. പ്രകോപിതനായ ശിവന് ദേഷ്യപ്പെട്ട് വിഷ്ണുവുമായി വഴക്കും വാക്കേറ്റവുമുണ്ടായി.
തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കൊടുവാളുകൊണ്ട് വിഷ്ണു ശിവനെ വെട്ടുകയായിരുന്നു. നാലുതവണ വെട്ടിയ ശേഷം വിഷ്ണു അമ്മയെ വെട്ടാന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ബന്ധു തടയുകയായിരുന്നു.
ഇയാള്‍ തന്നെയാണ് പോലീസിനെയും ആംബുലന്‍സും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിഷ്ണു കത്തിയുമായി വീടിന്റെ മച്ചില്‍ കയറിയിരുന്നു.
മച്ചിലേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടും വിഷ്ണു എങ്ങനെ പ്രതികരിക്കും എന്ന് ധാരണ ഇല്ലാത്തതുമൂലം പോലീസ് തിടുക്കപ്പെട്ട നടപടിക്ക് ഒരുങ്ങിയില്ല.
ഏറെ നേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ തട്ടിന്റെ നാല് ജനലുകള്‍ പൊളിച്ച പോലീസ് അകത്തു കടക്കാന്‍ ഒരുങ്ങുന്നതിനിടെ മച്ചിന്റെ വാതില്‍ വഴി വിഷ്ണു ഓടിനു മുകളിലേക്ക് ചാടി.
പിന്നെയും ഇയാളെ അനുനയിപ്പിക്കാന്‍ പോലീസും നാട്ടുകാരും ശ്രമം തുടര്‍ന്നു. വൈകീട്ട് അഞ്ചരയോടെ വിഷ്ണു പോലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങി താഴെയിറങ്ങുകയായിരുന്നു.
പുതുക്കാട് പോലീസ് എസ്.എച്ച്.ഒ ആദം ഖാന്, എസ്.ഐ എന്‍. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിഷ്ണുവിനെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആയോധനകലകളില്‍ വിദഗ്ധനായിരുന്ന വിഷ്ണു വീടിനകത്ത് ആഭിചാരക്രിയകളും ചെയ്തുവന്നിരുന്നു. പൂജാകര്‍മങ്ങള്‍ നടന്നിരുന്ന മുറിയ്ക്കകത്ത് കോഴി, മദ്യം എന്നിവയും വിവിധ തരം ആയുധങ്ങളും പോലീസ് കണ്ടെത്തി.
മാതാപിതാക്കളെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്ന വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്ക്ക് താമസിച്ച് വീടിനകത്ത് ആഭിചാരക്രിയകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെ പലതവണ ശിവന് വീട്ടിലേക്ക് എത്തിയെങ്കിലും വിഷ്ണു വഴങ്ങിയില്ല.
ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വഴക്കും അക്രമവും ഉണ്ടായത്. പോലീസ് ഓട് പൊളിച്ച് മച്ചിനുള്ളിലേക്ക് കടക്കാന്‍ തുനിഞ്ഞപ്പോഴെല്ലാം കടക്കുന്നവനെ കൊല്ലുമെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്ണു ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു.
രണ്ട് കത്തികള്‍ കൈയില്‍ കരുതിയിരുന്ന വിഷ്ണുവിനെ അങ്ങോട്ട് പ്രകോപിപ്പിക്കാന്‍ പോലീസും തയ്യാറായില്ല. പുതുക്കാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]