കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് സർക്കാർ സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം. യുപി ക്ലാസുകൾക്ക് ഒന്നര വർഷം മുൻപ് അനുമതി ലഭിച്ചിട്ടും സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാൽ വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാണ്.
അധ്യാപകരില്ലാത്തതിനാൽ, രക്ഷിതാക്കൾ പണം പിരിച്ച് തങ്ങളിൽ ഒരാളെ കുട്ടികളെ പഠിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ടി. സിദ്ദിഖ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
വാളവയൽ, അതിരാറ്റുകുന്ന്, പുളിഞ്ഞാൽ എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിലാണ് ഈ ദുരവസ്ഥ. പിന്നോക്ക, ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾ ഭൂരിഭാഗവും പഠിക്കുന്ന ഈ സ്കൂളുകളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
രക്ഷിതാക്കൾക്ക് തന്നെ അധ്യാപകരാകേണ്ടി വരുന്നത് ദയനീയമാണ്. സർക്കാരും വിദ്യാഭ്യാസ വകുപ്പും വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അടിസ്ഥാന വിദ്യാഭ്യാസം ലാഭനഷ്ടങ്ങൾ നോക്കി നടത്തേണ്ട
ഒന്നല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വയനാട്ടിലെ വിദ്യാഭ്യാസ പ്രതിസന്ധി ശരിക്കും ആശങ്കാജനകമാണ്.
അധ്യാപക ക്ഷാമം മൂലം രക്ഷിതാക്കൾ തന്നെ പഠിപ്പിക്കേണ്ട സ്ഥിതി, പ്രത്യേകിച്ച് ആദിവാസി കുട്ടികളും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട
കുട്ടികളും പഠിക്കുന്ന സ്കൂളുകളിൽ. വയനാട്ടിലെ വാളവയൽ സ്കൂളിലും, അതിരാറ്റുകുന്ന് സ്കൂളിലും, പുളിഞ്ഞാൽ സ്കൂളിലും പഠിപ്പിക്കാൻ അധ്യാപകരില്ല..!
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പിരിവെടുത്ത് എല്ലാ വിഷയവും രക്ഷിതാക്കളിൽ ചിലരെ അധ്യാപികരാക്കിക്കൊണ്ട് പഠിപ്പിക്കുന്ന ദയനീയ കാഴ്ച്ചയാണ് ഇവിടെ. ആദിവാസി കുട്ടികളടക്കം പിന്നോക്ക വിഭാഗത്തിൽപ്പെട്ട
കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ അവസ്ഥയാണിത്. സർക്കാരോ വിദ്യാഭ്യാസ വകുപ്പോ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
എല്ലാ മേഖലയിലും വയനാടിനെ അരികുവൽക്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് പരിഹാരം കാണണം.
ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന പേരിൽ സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറിൽ വ്യാപകമായി സ്കൂളുകൾ അടച്ച് പൂട്ടുകയാണ്. ഒരു വിദ്യാർത്ഥി ആണെങ്കിൽ പോലും സ്കൂൾ നില നിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്.
അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തേണ്ട ഒന്നല്ല.
വിദ്യാഭ്യാസം അവകാശമാണ്. വയനാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ വലിയ കാരണമാണ്.
അത് പരിഹരിച്ചേ മതിയാവൂ… വയനാടിന്റെ സമഗ്ര വികസനത്തിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]