തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി 1998-ൽ പണികൾ നടത്തിയ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞത് തനിത്തങ്കമാണെന്ന്, വ്യവസായി വിജയ് മല്യ കരാർ നൽകിയ കമ്പനിയുടെ ഉടമയുടെ മകൻ ജഗന്നാഥൻ വ്യക്തമാക്കി.
24 കാരറ്റ് ശുദ്ധമായ സ്വർണ്ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രതിനിധികളുടെയും സ്പോൺസറുടെയും സാന്നിധ്യത്തിൽ എട്ടു മാസത്തോളമെടുത്താണ് പണികൾ പൂർത്തിയാക്കിയത്.
ജോലിയിൽ വിജയ് മല്യ പൂർണ്ണ സംതൃപ്തനായിരുന്നുവെന്നും തന്റെ പിതാവിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നുവെന്നും ജഗന്നാഥൻ ഓർമ്മിച്ചു. വർഷങ്ങൾ എത്ര കഴിഞ്ഞാലും സ്വർണ്ണം അപ്രത്യക്ഷമാകില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
തന്റെ പിതാവും അന്ന് ജോലിയിലുണ്ടായിരുന്നവരും ഇന്ന് ജീവിച്ചിരിപ്പില്ല. ശബരിമലയിൽ മറ്റ് ജോലികളൊന്നും ചെയ്തിട്ടില്ലെന്നും ജഗന്നാഥൻ കൂട്ടിച്ചേർത്തു.
അതേസമയം, ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം സംബന്ധിച്ച വിവാദത്തിൽ വിചിത്രമായ വാദങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും രംഗത്തെത്തി. ശില്പങ്ങളിൽ ഉണ്ടായിരുന്നത് സ്വർണ്ണമല്ല, മറിച്ച് സ്വർണ്ണനിറമുള്ള പെയിന്റ് ആയിരുന്നുവെന്നാണ് പോറ്റിയുടെ പുതിയ വാദം.
ഈ പെയിന്റ് കാലപ്പഴക്കത്തിൽ മങ്ങിയതിനാലാണ് തന്നെ സ്വർണ്ണം പൂശുന്ന ജോലി ഏൽപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ചത് സ്വർണ്ണപ്പാളികളായിരുന്നില്ല, പെയിന്റടിച്ച ചെമ്പ് പാളികളായിരുന്നു.
പെയിന്റായതുകൊണ്ടാണ് നിറം മങ്ങിയതെന്ന് ദേവസ്വം അധികൃതർ വിശദീകരിച്ചതായും പോറ്റി പറഞ്ഞു. ന്യൂസ്കേരള.നെറ്റിനോടാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സന്നിധാനത്തുനിന്നും ലഭിച്ച അതേ ചെമ്പ് പാളികളാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതെന്ന് പോറ്റി ആവർത്തിക്കുന്നു. ചെമ്പ് പാളിയിലുണ്ടായിരുന്ന പെയിന്റ് പൂർണ്ണമായും നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷമാണ് പുതിയതായി സ്വർണ്ണം പൂശിയത്.
ഈ പാളികളിൽ മുമ്പ് സ്വർണ്ണത്തിന്റെ അംശം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു. താനും മറ്റ് രണ്ട് വ്യക്തികളും ചേർന്ന് നൽകിയ സ്വർണ്ണമാണ് ശില്പങ്ങളിൽ ഇപ്പോൾ പൂശിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]