
തിരുവനന്തപുരം : സിപിഎമ്മിനോട് ഇടഞ്ഞ പി വി അൻവറിനെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തൽ. അൻവർ കത്തി തീർന്നു, പക്ഷേ അൻവറിന് പിന്നിൽ ഉരുത്തിരിയുന്ന ന്യൂന പക്ഷ രാഷ്ട്രീയത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായം ഉയർന്നു. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി.
എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് സംസ്ഥാന സമിതിയിലെ വിലയിരുത്തൽ. എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാട്. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന സമിതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പിആർ വിവാദത്തിലും ചർച്ചയിൽ പരാമർശമുണ്ടായി. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ എങ്ങനെ എത്തിപ്പറ്റിയെന്നായിരുന്നു ചോദ്യം. പിആർ ഏജൻസി ഇല്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിക്കുമായിരുന്നുവെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇത് പൂർണ്ണമായും ഏറ്റെടുത്ത് ഇനി ഏജൻസിയെ കുറിച്ച് ചർച്ച വേണ്ടെന്ന് പറഞ്ഞ് വിവാദം തീർക്കാനാണ് സിപിഎം നീക്കം. പക്ഷെ ഇന്നലെ മുഖ്യമന്ത്രിയുടെയും ഇന്ന് പാർട്ടി സെക്രട്ടറിയുടെയും വിശദീകരണത്തിന് ശേഷവും പിആറിൽ ചോദ്യങ്ങൾ ബാക്കിയാണ്. നേരിട്ട് അഭിമുഖം നൽകാതിരുന്നത് എന്തിനെന്നതടക്കം ചോദ്യം നിലനിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]