
തിരുവനന്തപുരം: രാജ്യത്ത് റെയിൽവെയുടെ പ്രവർത്തനത്തിലെ മികവിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കുള്ള ബോണസ് കേന്ദ്രം പ്രഖ്യാപിച്ചത് ഇന്നലെയാണ്. 78 ദിവസത്തെ ശമ്പളമാണ് റെയിൽവെ ജീവനക്കാർക്ക് ബോണസായി പ്രഖ്യാപിച്ചത്. ഇതിനായി 2209 കോടി രൂപ കേന്ദ്ര സർക്കാർ നീക്കിവെക്കുകയും ചെയ്തു. ഇത്തവണ ജീവനക്കാർക്ക് 95000 രൂപ ഓണത്തിന് ബോണസായി നൽകിയ കേരളത്തിലെ ബെവ്റിജസ് കോർപറേഷൻ്റെ റെക്കോർഡ് റെയിൽവെ തകർത്തോയെന്നതാണ് ചോദ്യം.
മദ്യ വിൽപനയിലൂടെ 5000 കേടി രൂപയുടെ നികുതി വരുമാനം ലഭിച്ചതിന് പിന്നാലെയാണ് ബെവ്കോ 95000 രൂപ ബോണസിനുള്ള ശുപാർശ സമർപ്പിച്ചത്. കഴിഞ്ഞ വർഷം 90000 രൂപയായിരുന്നു ബോണസായി നൽകിയത്. ലേബലിങ് തൊഴിലാളികൾ മുതൽ മുകളിലേക്ക് എല്ലാവർക്കും ഈ തുകയാണ് ബോണസ് ലഭിച്ചതെന്നാണ് വിവരം.
ഓണം കഴിഞ്ഞതിന് പിന്നാലെയാണ് റെയിൽവെ ജീവനക്കാർക്കുള്ള ബോണസ് കാര്യത്തിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. 78 ദിവസത്തെ ശമ്പളമാണ് ബോണസെന്നാണ് പ്രഖ്യാപനം. സാങ്കേതികമായി ഇത് ശരിയാണെങ്കിലും ജീവനക്കാർക്ക് 17906 രൂപയാണ് ബോണസായി ലഭിക്കുക. ഏഴാം പേ കമ്മീഷനിൽ റെയിൽവെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ ബേസിക് പേ 7000 രൂപ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തുക. ബോണസ് നിയമപ്രകാരവും 7000 രൂപയാണ് കുറഞ്ഞ പ്രതിമാസ ബേസിക് പേ. റെയിൽവെയിലെ എല്ലാ ജീവനക്കാർക്കും പ്രതിദിനം 230.13 രൂപ ശമ്പളം കണക്കാക്കി ഇതിനെ 78 കൊണ്ട് ഗുണിച്ച് കിട്ടുന്ന 17906 രൂപയാണ് തസ്തിക ഭേദമന്യേ ബോണസായി നൽകുക.
രാജ്യത്ത് 11.72 ലക്ഷം റെയിൽവെ ജീവനക്കാർ ഉള്ളതായാണ് ഏകദേശ കണക്ക്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശയിൽ തന്നെ ബോണസിനുള്ള അടിസ്ഥാന വേതനം 10000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സതേൺ റെയിൽവെ മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറി ഗോപീകൃഷ്ണൻ പറഞ്ഞു. എന്നാൽ അതുണ്ടായില്ല. എട്ടാം ശമ്പള കമ്മീഷനിൽ ഈ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെന്നും ദക്ഷിണ റെയിൽവെ എംപ്ലോയീസ് യൂണിയൻ മുൻ ഡിവിഷണൽ പ്രസിഡൻ്റ് ആർ. ഇളങ്കോവനും പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]